കല്‍പ്പറ്റ: അമ്മയാനയും കൂട്ടരും കാവല്‍ നിന്ന കുട്ടിയാനയുടെ ജഡം ഒടുവില്‍ വനംവകുപ്പ് സംസ്‌കരിച്ചു. ആനകള്‍ ഉള്‍ക്കാട്ടിലേക്ക് പോയതോടെയാണ് ജഡം സംസ്‌കരിക്കാന്‍ ഒരുപകലും രാത്രിയും നീണ്ട പരിശ്രമത്തിന് ഫലമുണ്ടായത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് പുല്‍പ്പള്ളി കുറിച്ച്യാട് റെയ്ഞ്ചില്‍ ഉള്‍പ്പെട്ട ചെത്തിമറ്റം വനത്തില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആ സമയം മുതല്‍ മൃതദേഹം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നു. 

കാവല്‍ നിന്ന നാല് ആനകളെയും കഴിഞ്ഞ ദിവസം ഉച്ചയോടെ കാട്ടിലേക്ക് തുരത്തിയതിന് ശേഷമാണ് പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നപടികള്‍ പൂര്‍ത്തിയാക്കിയത്. ജഡം കണ്ടെത്തിയതിന് സമീപം തന്നെയാണ് സംസ്‌കരിച്ചത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ആനക്കൂട്ടം മൃതശരീരത്തിന് കാവല്‍ നിന്നതിനാല്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

പിടിയാനയടക്കം നാല് ആനകള്‍ ജഡത്തിന് സമീപത്ത് നിന്ന് മാറാതെ കാവല്‍ നിന്നതോടെയാണ് പരിശോധന നടപടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഞായറാഴ്ച ജഡം കണ്ടെത്തിയ സമയം മുതല്‍ ആനകള്‍ മൃതദേഹത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു. പടക്കമെറിഞ്ഞും മറ്റും ആനകളെ ജഡത്തിന് സമീപത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഏറെ നേരത്തെ പരിശ്രത്തിനൊടുവിലാണ് ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനായത്.

ഉച്ചയോടെ ഉദ്യോഗസ്ഥര്‍ക്ക് ആനക്കൂട്ടിയുടെ ജഡത്തിന് അരികിലെത്താനായി. രണ്ട് മണിയോടെയാണ് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മരണകാരണം എന്താണെന്നറിയാന്‍ ആനക്കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഡോക്ടര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനഫലമറിഞ്ഞാലെ മരണകാരണം വ്യക്തമാക്കാന്‍ കഴിയുവെന്ന് കുറിച്ച്യാട് റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. രതീശന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.