Asianet News MalayalamAsianet News Malayalam

സുൽത്താൻബത്തേരിയിൽ ബസ്സിടിച്ച് പരിക്കേറ്റ കൊമ്പൻ അവശൻ, തകർന്ന ബസ് വനം വകുപ്പിന്‍റ കസ്റ്റഡിയിൽ

പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്.

elephant hit by bus in Sultan Bathery condition critical SSM
Author
First Published Dec 5, 2023, 2:37 PM IST

വയനാട്: സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില മോശമായി തുടരുന്നു. നിലവിൽ വനംവകുപ്പ് ആര്‍ആര്‍ടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. ആനയെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ വനം വകുപ്പ് വാച്ചര്‍മാരെ ഏർപ്പാടിക്കിയിട്ടുണ്ട്. ആന അവശനായതിനാൽ, മയക്കുവെടിവച്ച് ചികിത്സ പ്രായോഗികമല്ല. 

പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.

അതേസമയം പത്തനംതിട്ട റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനം വകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിൽ ഉഷാറാകുന്നു. പ്രസവിച്ച് മണിക്കൂറുകൾ കഴിയും മുൻപേ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിലാണ് വനാതിർത്തിയോടു ചേർന്നു കണ്ടെത്തിയത്. മിക്കപ്പോഴും നല്ല ഉറക്കത്തിലാണ് ആള്‍. രണ്ട് മണിക്കൂർ കഴിഞ്ഞാൽ മെല്ലെ എഴുന്നേൽക്കും. കാലുകൾ ഉറച്ചുതുടങ്ങിയിട്ടേയുള്ളൂ.മെല്ലെ മെല്ലെ നടക്കും.

 കുരുമ്പൻമൂഴിയിലെ റബ്ബർ തോട്ടത്തിൽ നിന്ന് അവശനിലയിൽലാണ് ആനക്കുട്ടിയെ വനം വകുപ്പിന് കിട്ടിയത്. കുത്തനെയുള്ള ചരുവിൽ തള്ളയാന പ്രസവിച്ച സ്ഥലത്തുനിന്ന് താഴേക്ക് നിരങ്ങി വീണുപോയതാണ്. താഴ്ചയിൽ നിന്ന്  തിരികെകയറ്റി, വനത്തിലേക്ക് കൊണ്ടുപോകാൻ കാട്ടാനകൂട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വനം വകുപ്പ് രക്ഷകരായി. അമ്മയുടെ പരിചരണം കിട്ടേണ്ട സമയമാണ്. ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫുമൊക്കെയാണ് ആ കരുതൽ ഇപ്പോൾ നൽകുന്നത്. ജനിച്ച് ഒരാഴ്ച പോലും ആയിട്ടില്ല. ഡോക്ടർമാരുടെ നിർദേശിക്കും പോലെയാണ് ഭക്ഷണം നല്‍കുന്നത്. ഒന്നര മണിക്കൂർ ഇടവിട്ട് പാല് കുടിപ്പിക്കും. ലാക്ടോജനാണ് കൊടുക്കുന്നത്. ഇളം വെയിൽ കൊള്ളിക്കും.  ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയാണെന്ന് ബീറ്റ് ഓഫീസര്‍ നിതിൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios