പട്ടാമ്പി പള്ളിയിലെ നേർച്ചകഴിഞ്ഞ് ലോറിയിൽ കൊണ്ടു വരികയായിരുന്നു. വടക്കേമുറിയിൽ ലോറി നിർത്തിയപ്പോഴാണ് ആന പുറത്ത് ചാടിയത്

പാലക്കാട്‌: പാലക്കാട്‌ നഗരവാസികളെ പരിഭ്രാന്തരാക്കി ലോറിയിൽ നിന്ന് വിരണ്ടോടി നാട്ടാനയെ തളച്ചത് മൂന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയുടെ മുന്നിൽ പെട്ട് ഒരാൾക്ക് പരിക്കേറ്റു. പട്ടാമ്പി നേർച്ച കഴിഞ്ഞ് തിരിച്ചു കൊണ്ടു പോകുന്ന ആനയാണ് വടക്കേമുറിയിൽ വെച്ച് ലോറിയിൽ നിന്നും പുറത്ത് ചാടിയത്. മൂന്നര മണിക്കൂർ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ ആനയെ തളച്ചു. 

പുലർച്ചെ നാലു മണിക്കാണ് സംഭവം. അക്കരമേൽ ശേഖരൻ എന്ന നാട്ടാനയാണ് പുലർച്ചെ 4 മണിക്ക് നഗരത്തിലിറങ്ങിയത്. പട്ടാമ്പി പള്ളിയിലെ നേർച്ചകഴിഞ്ഞ് ലോറിയിൽ കൊണ്ടു വരികയായിരുന്നു. വടക്കേമുറിയിൽ ലോറി നിർത്തിയപ്പോഴാണ് ആന പുറത്ത് ചാടിയത്. അവിടെ നിന്നും വിരണ്ടോടിയ ആനയ്ക്ക് മുന്നിൽ പെട്ട കോയമ്പത്തൂർ സ്വദേശി രാമസ്വാമി എന്ന ആട്ടിടയന് പരിക്കേറ്റു. ആനയുടെ പരാക്രമത്തിൽ രണ്ട് പശുക്കളും ഒരാടും ചത്തു.

പ്രദേശത്തെ വീടുകളും കടയും തകർത്തു. പിന്നീട് വടക്കുമുറിയിൽ നിന്നും 5 കിലോമീറ്റർ അകലെ അമ്പാട് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന എങ്ങനെ ലോറിയിൽ നിന്ന് പുറത്ത് ചാടിഎന്നതിൽ വ്യക്തത ഇല്ലെന്നാണ് പാപ്പാൻ പറയുന്നത്. കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റിയുടെ കുന്നംകുളം മേഖല എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് 7.40 ഓടെ ആനയെ തളച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്