മുതുമല കടുവാ സങ്കേതത്തിലെ അഭയാരണ്യം കാട്ടിലേക്കായിരിക്കും കൊമ്പനെ ആദ്യം സ്വതന്ത്രമാക്കുക. 

ബത്തേരി: മുതുമലയില്‍ വനംവകുപ്പ് കൊട്ടിലില്‍ തളച്ച ആനയെ തിരികെ കാട്ടില്‍ തന്നെ വിടാന്‍ തീരുമാനം. തുമ്പിക്കൈയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് വനംവകുപ്പ് മുതുമലയിലെ കൊട്ടിലില്‍ തളച്ച് ചികിത്സ നല്‍കുന്ന 'റിവാള്‍ഡോ' എന്ന വിളിപ്പേരുള്ള കൊമ്പനെ തിരികെ കാട്ടില്‍ വിടാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശത്തോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് നടപടി. 

മുതുമല കടുവാ സങ്കേതത്തിലെ അഭയാരണ്യം കാട്ടിലേക്കായിരിക്കും കൊമ്പനെ ആദ്യം സ്വതന്ത്രമാക്കുക. നിശ്ചിത സ്ഥലത്ത് വൈദ്യുതി വേലി സ്ഥാപിച്ച് വനത്തിന്റെ പ്രത്യേക ഭാഗത്ത് കൊമ്പനെ നിരീക്ഷിക്കും. ഇതിന് ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ചായിരിക്കും പൂര്‍ണമായും കാട്ടിലേക്ക് തിരികെ അയക്കുക. തുമ്പിക്കൈ അറ്റുപോയതിനെ തുടര്‍ന്ന്് ജനവാസമേഖലകളില്‍ ഭക്ഷണത്തിനായി എത്തിയ ഏകദേശം 45 വയസുള്ള റിവാള്‍ഡോയെ കഴിഞ്ഞ മെയ് മാസത്തിലാണ് വനംവകുപ്പ് തളച്ചത്. 

കൊട്ടിലില്‍ പഴങ്ങളും മറ്റും വെച്ച് ആകര്‍ഷിപ്പിച്ചാണ് ആനയെ വരുതിയിലാക്കിയത്. കഴിഞ്ഞ 13 വര്‍ഷമായി ജനവാസമേഖലകളായ മാവനല്ല, വാഴത്തോട്ടം, മസിനഗുഡി തുടങ്ങിയിടങ്ങളില്‍ കൊമ്പന്‍ നിത്യസന്ദര്‍ശകനായിരുന്നു. ഗ്രാമീണരോട് അടുത്തിടപഴകുന്ന കൊമ്പന്‍ അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചായിരിക്കും തിരിച്ചുപോവുക. വലതുകണ്ണിന് കാഴ്ച കുറവ് കൂടി വന്നതോടെ ഗ്രാമങ്ങളില്‍ തന്നെയായി കൊമ്പന്റെ വാസം. 

തുമ്പിക്കൈയിലെ ദ്വാരങ്ങള്‍ അടഞ്ഞ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ നിലയില്‍ കൂടിയാണ് കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ചികിത്സ നല്‍കുന്നതിനിടക്കാണ് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നത്. ഇതോടെ ആനയെ വളര്‍ത്താന കേന്ദ്രത്തിലേക്ക് മാറ്റണമോ കാട്ടിലേക്ക് വിടണമോ എന്ന കാര്യം തീരുമാനിക്കുന്നതിനായി വനംവകുപ്പ് എട്ടംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ മാസം പത്തിന് കൊമ്പനെ സന്ദര്‍ശിച്ച സംഘത്തിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തുറന്നുവിടുന്നത്. അതേ സമയം കാട്ടിലേക്ക് വിട്ടയച്ചാല്‍ കൊമ്പന്‍ ഇനിയും ജനവാസ മേഖലകളിലേക്ക് എത്തുമോ എന്നതാണ് ആശങ്ക. ഏതായാലും വനംഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രത കൂടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona