നേര്യമംഗലത്തെ സഹകരണബാങ്ക് കെട്ടിട നിർമാണത്തിലെ അഴിമതി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. കുസാറ്റ് എഞ്ചിനിയറിങ് വിഭാഗത്തിന്‍റെ റിപ്പോർട്ട് പ്രകാരം, കെട്ടിടം നിർമിച്ചത് പൂർണമായും അശാസ്ത്രീയമായാണെന്നും ഗുണനിലവാരമില്ലാത്ത സിമന്റും കമ്പിയും ഉപയോഗിച്ചെന്നും കണ്ടെത്തി. 

അടിമാലി: നേര്യമംഗലത്തെ സഹകരണബാങ്ക് ബഹുനില കെട്ടിട നിർമാണത്തിലെ അഴിമതിയിൽ പുതിയ വിവരങ്ങൾ പുറത്ത്. തകർന്ന കെട്ടിടം നിർമിച്ചത് പൂർണമായും അശാസ്ത്രീയമായി ആണെന്നാണ് കണ്ടെത്തൽ. കുസാറ്റ് എഞ്ചിനിയറിങ് വിഭാഗത്തിന്‍റെ റിപ്പോർട്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. കെട്ടിടം നിർമിച്ചത് വെറുതെ കട്ടകൾ അടുക്കിവച്ചാണ്. പ്ലാൻ പൂർണമായും മാറ്റി സ്റ്റീൽ തൂണുകൾ ഉപയോഗിച്ചു. ഗുണനിലാവരം ഇല്ലാത്ത സിമന്‍റും കമ്പിയും ഉപയോഗിച്ചു. സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്ക് ആണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിൽ കൊടിയ അഴിമതി എന്ന സഹകരണം വകുപ്പ് കണ്ടെത്തൽ ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്തു വിട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കോതമംഗലം സഹകരണ ബാങ്കിന്‍റെ നേതൃത്തില്‍ നേര്യമംഗലത്ത് നിര്‍മിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നതില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തിയ വിവരം പുറത്ത് വന്നിരുന്നു. സഹകരണ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ജോയിന്‍റ് റജിസ്ട്രാര്‍ നടപടിയെടുക്കാതെ പൂഴ്ത്തിയത്. ബാങ്ക് ഭരിക്കുന്ന ഇടത് ഭരണ സമിതിക്കെതിരെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും നടപടിയില്ല. ഒരു തവണ തകര്‍ന്നുവീണതോടെയാണ് കെട്ടിട നിര്‍മ്മാണത്തിലെ പ്രശ്നങ്ങൾ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കോടികളുടെ അഴിമതിയുടേയും കമ്മീഷനടിക്കലിന്‍റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങലാണ് ഇപ്പോൾ പുറത്ത് വരുന്നത്.

15.55 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ കവളങ്ങാട് ബാങ്ക് ഭരണ സമതി തീരുമാനമെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള എല്ലാ ടെന്‍ഡറുകളും ഇ ടെന്‍ററുകളാക്കണമെന്ന ചട്ടമുണ്ടായിട്ടും രഹസ്യമായി നടത്തിയ കരാര്‍ ഉറപ്പിക്കലില്‍ സ്റ്റാര്‍ ഇന്‍റീരിയര്‍ മലപ്പുറം എന്ന സ്ഥാപനം നിര്‍മാണം ഏറ്റെടുത്തു. വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 13.58 കോടി രൂപയാണ് നിര്‍മാണ തുക. എതാണ് രണ്ട് കോടി രൂപ അധികം നല്‍കിയാണ് കരാര്‍ ഉറപ്പിച്ചത്. ഇവിടെ തന്നെ കമ്മീഷന്‍ ഇടപാട് അടക്കമുള്ള ആക്ഷേപം അന്നേ ഉയര്‍ന്നു.

നിര്‍മാണം തുടങ്ങും മുന്‍പ് തന്നെ ക്രമവിരുദ്ധമായി അഞ്ച് കോടി പതിനഞ്ച് ലക്ഷം രൂപ കമ്പനിക്ക് അഡ്വാന്‍സ് നല്‍കി. സെക്യൂരിറ്റി ഡെപ്പോസിറ്റായി അടക്കേണ്ട 77 ലക്ഷം രൂപ കരാര്‍ കമ്പനി അടച്ചതുമില്ല. ഇംഗിതക്കാര്‍ക്ക് വഴങ്ങി കമ്പനിക്ക് ഒരു രൂപപോലും ചെലവില്ലാതെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാകുന്ന പ്രവര്‍ത്തിയാണ് നടന്നതെന്ന് എടുത്തുപറയുന്നു റിപ്പോര്‍ട്ട്. കുസാറ്റില്‍ നിന്നുള്ള പഠന സംഘം നടത്തിയ അന്വേഷണത്തിലും കെട്ടിടത്തിലെ ഓരോരോ വീഴ്ചകളും എണ്ണി എണ്ണി പറയുന്നു. ചുരുക്കത്തില്‍ കോടികളുടെ തീവെട്ടി കൊള്ളയാണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകണര ബാങ്കില്‍ നടന്നത്.