ആചാരവും വിശ്വാസവും പുതിയ ഭാവത്തിലും രൂപത്തിലും തിരിച്ചുവരാന്‍ തുടങ്ങിയതോടെ രാമായണ പാരായണം കൊണ്ട് മുഖരിതമാകും കര്‍ക്കടകം. ഔഷധക്കഞ്ഞിയും ചികിത്സയുമൊക്കെയായി പാരമ്പര്യവാദികള്‍ ആരോഗ്യസുരക്ഷയിലേക്ക് കടക്കുന്നതും  കര്‍ക്കിടക മാസത്തിലാണ്. വിശ്വാസവും ആചാരവും ആരോഗ്യവും എല്ലാം മനുഷ്യനുമാത്രം മതിയോ ?. കര്‍ക്കടകം പുലരുന്ന പതിനേഴുമുതല്‍ കരിവീര ചന്തം പകരുന്ന കൊമ്പന്മാരും ശരീരപുഷ്ടിക്കും ആരോഗ്യസംരക്ഷണത്തിനും അഴകിനും വേണ്ടി കര്‍ക്കടകത്തെ കാത്തിരിക്കുകയാണ്.

തൃശൂര്‍: ആചാരവും വിശ്വാസവും പുതിയ ഭാവത്തിലും രൂപത്തിലും തിരിച്ചുവരാന്‍ തുടങ്ങിയതോടെ രാമായണ പാരായണം കൊണ്ട് മുഖരിതമാകും കര്‍ക്കടകം. ഔഷധക്കഞ്ഞിയും ചികിത്സയുമൊക്കെയായി പാരമ്പര്യവാദികള്‍ ആരോഗ്യസുരക്ഷയിലേക്ക് കടക്കുന്നതും കര്‍ക്കിടക മാസത്തിലാണ്. വിശ്വാസവും ആചാരവും ആരോഗ്യവും എല്ലാം മനുഷ്യനുമാത്രം മതിയോ ?. കര്‍ക്കടകം പുലരുന്ന പതിനേഴുമുതല്‍ കരിവീര ചന്തം പകരുന്ന കൊമ്പന്മാരും ശരീരപുഷ്ടിക്കും ആരോഗ്യസംരക്ഷണത്തിനും അഴകിനും വേണ്ടി കര്‍ക്കടകത്തെ കാത്തിരിക്കുകയാണ്.

ആനകളുടെയും സുഖചികിത്സ കര്‍ക്കടകത്തിലാണ് നടത്തുന്നത്. ഗുരുവായൂര്‍ ആനക്കോട്ടയിലും വടക്കുനാഥന്‍ ആനക്കൊട്ടിലിലുമാണ് ഈ ചികിത്സ പ്രധാനമായും നടക്കുന്നത്. തൃശൂരിലും പാലക്കാടും എറണാകുളത്തെ പെരുമ്പാവൂരിലുമെല്ലാം ആനകള്‍ക്ക് കര്‍ക്കടകം നല്ലകാലമാണ്. ഒരു മാസത്തെ പരിപൂര്‍ണ ചികിത്സ നല്‍കുന്നത് പക്ഷേ, ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ്. മറ്റിടങ്ങളില്‍ പേരിന് ഒരു ആനയൂട്ടും പ്രസാദവിതരണവുമാണ് നടക്കുക.

വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ കര്‍ക്കടകം ഒന്നിന് നടക്കുന്ന ആനയൂട്ട് കേമമാണ്. വന്നുചേരുന്ന ആനകള്‍ക്കെല്ലാം വയറുനിറയെ ശാപ്പാടാണ് അന്ന്. അതും ശരീരപുഷ്ടിക്കുള്ള സകല മരുന്നുചേരുവയും ചേര്‍ത്തുള്ള കൂറ്റന്‍ ഉരുളകള്‍. വൈകുന്നേരത്തോടെ കൊച്ചില്‍ ദേവസ്വം ബോര്‍ഡ് ഒരുമാസത്തെ ആന ചികിത്സയും തുടങ്ങും. ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണമകറ്റാനുമുള്ളതാണ് കര്‍ക്കിടക ചികിത്സ. 

സാധാരണ കൊടുക്കാറുള്ളതിനെക്കാള്‍ കൂടുതല്‍ ആഹാരം നല്‍കുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശം. കര്‍ക്കടകം തുടങ്ങും മുമ്പുതന്നെ വിരയിളക്കാനുള്ള മരുന്നു നല്‍കി ആനകളെ ചികിത്സയ്ക്ക് സജ്ജരാക്കും. പ്രകൃതിദത്തമായ മരുന്നുകളും ആയുര്‍വേദ ഔഷധകൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. 

ദഹന വര്‍ദ്ധനയ്ക്ക് പ്രധാനമായും നല്‍കുന്നത് അഷ്ടചൂര്‍ണമാണ്. ച്യവനപ്രാശം ലേഹ്യവും ഒപ്പം നല്‍കും. കരളിന്‍റെ പ്രവര്‍ത്തനം മെച്ചമാക്കാനുള്ള മരുന്നുകള്‍, ലവണങ്ങള്‍, വൈറ്റമിന്‍ ഗുളികകള്‍, പ്രായമുള്ള ആനകള്‍ക്ക് വാതത്തിനുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ക്രമത്തില്‍ നല്‍കാറുള്ളത്. സാധാരണ നല്‍കാറുള്ള തെങ്ങോല, പനമ്പട്ട എന്നിവയ്ക്ക് പുറമെ അധിക അളവില്‍ ചോറും നല്‍കും. 

ചെറുപയര്‍, മുതിര, ഉപ്പ്, കരിപ്പട്ടി, ചുവന്നുള്ളി എന്നിവയും ചോറിനൊപ്പം ചേര്‍ത്ത് ഉച്ചയ്ക്ക് ശേഷം കൊടുക്കും. എല്ലാ ദിവസവും രാവിലെ തേച്ചുകുളി ചികിത്സയുടെ ഭാഗമാണ്. ഒരു ദിവസം കുറഞ്ഞത് മൂന്ന് കിലോ അരിയുടെ ചോറും ഒരു കിലോ ചെറുപയറോ മുതിരയോ നല്‍കും. ഈ കാലയളവില്‍ ആനകള്‍ക്ക് പൂര്‍ണ വിശ്രമം നിര്‍ബന്ധമായിരിക്കും.