കാരക്കോണത്ത് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നംഗ സ്ത്രീ സംഘത്തെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. നവംബര്‍ മൂന്നിനാണ് ബസ് യാത്രക്കിടെ മോഷണം നടത്തിയത്.
തിരുവനന്തപുരം: കാരക്കോണത്ത് വച്ച് ബസ് യാത്രക്കാരിയായ കാരക്കോണം സ്വദേശി ജയലക്ഷ്മിയുടെ മാല പൊട്ടിച്ചു കടന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ വേളമ്മ(54) പാപ്പാട്ടി (53) കവിത( 55) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് ബസ് യാത്രക്കിടെ കാരക്കോണത്ത് വച്ച് ജയലക്ഷ്മിയുടെ മാല മൂന്നംഗസംഘം കവര്‍ന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഘം ബസിൽ നിന്ന് കുന്നത്തുകാലില്‍ ഇറങ്ങി അവിടെ നിന്ന് ഓട്ടോയില്‍ കയറിയ ശേഷം രക്ഷപെടുകയായിരുന്നു.
വെള്ളറട പൊലീസ് സിസിടിവി ഉൾപ്പടെ നിരീക്ഷിച്ച് വരികയായിരുന്നു. തിങ്കളാഴ്ചയോടെ സംഘം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വെള്ളറട റ്റാലീസ് സംഘം നെയ്യാറ്റിന്‍കരയിലേക്ക് തിരിച്ചു. സിസിടിവി നിരീക്ഷണത്തില്‍ മൂന്നംഗ സംഘത്തെ വ്യക്തമായി മനസ്സിലാക്കിയ പൊലീസ് സംഘാംഗങ്ങളെ ബസില്‍ നിന്ന് പിടികൂടുകയായിരുന്നു. ബസില്‍ നിന്ന് പിടിച്ചിറക്കുന്നതിനിടെ ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി.
പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ബാഗില്‍ നിറയെ കവര്‍ച്ച ചെയ്ത് സൂക്ഷിച്ചിരുന്ന പണവും കണ്ടെത്തി. ഈ സംഘത്തിനെതിരെ സമീപത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലും നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ഇവര്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണം അതിവിദഗ്ധമായി രഹസ്യമായി ശരീരത്തിലെ പല ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടക്കാറുള്ളത്. ബസ്സില്‍ നിന്ന് മാല നഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ ഇവര്‍ തന്നെ ഇതാ എന്നെ പരിശോധിച്ചോളൂ എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങി നിന്നു കൊടുക്കുന്ന രീതിയുണ്ട്. രഹസ്യ സ്ഥലത്ത് ഒളിച്ചു വച്ചിരിക്കുന്നതിനെ ബസ് യാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പോവുകയാണ് പതിവ്. എന്നാല്‍ വിശദമായ സിസിടിവി പരിശോധനയില്‍ വ്യക്തമായി വിവരങ്ങൾ മനസിലായതിനാലാണ് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


