കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെതലയം റെയ്ഞ്ചില്‍പ്പെട്ട പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. രാവിലെ ആറുമണിയോടെ പശുവിനെ കറക്കാനായി പുറത്തിറങ്ങിയ ജിനീഷ് ജോസഫ് (35) എന്നയാള്‍ക്കാണ് പരിക്കേറ്റത്. പറമ്പില്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് ആനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണത്തിനിരയായത്.

ജിനീഷും വീട്ടുകാരും ബഹളം വെച്ച് അല്‍പ്പദൂരം ആനയെ തുരത്തിയെങ്കിലും പെട്ടെന്ന് പിന്തിരിഞ്ഞ് ആന ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങിയ ജിനീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിനീഷിനെ വനംവകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് പകല്‍ സമയങ്ങളില്‍ പോലും ആനകളെത്താറുണ്ടെന്നും ഇതിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.