കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള അടിയന്തര നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യത്തെ ഓപ്പറേഷന്‍ കലൂര്‍ സബ് സ്‌റ്റേഷനില്‍ രാത്രി പത്ത് മണിക്ക് ആരംഭിക്കും. ഫയര്‍ ഫോഴ്‌സ്, പൊലീസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന് കലക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും.

എറണാകുളത്ത് ഇന്നലെ മുതൽ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 1600ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊച്ചി നഗരത്തിൽ രാവിലെ അഞ്ച് മണി മുതൽ ശക്തമായി പെയ്ത മഴയ്ക്ക് ഉച്ചയോടെയാണ് ശമനമുണ്ടായത്. കണയന്നൂർ താലൂക്കിൽ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, തൃക്കാക്കര വില്ലേജുകളിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് ശമനമായില്ല. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പനമ്പള്ളി നഗർ, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. എളംകുളം കെകെഎഫ് കോളനിയിലും കരിത്തല കോളനിയിലും വെള്ളം കയറിയതോടെ ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. 

എറണാകുളം ജില്ലയിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പനമ്പിള്ളി നഗർ, പൊന്നുരുന്നി, നായരമ്പലം, പനയപ്പള്ളി പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് നിർത്തിവച്ച ട്രെയിൻ ഗതാഗതം വൈകീട്ടോടെ പുനഃസ്ഥാപിച്ചു. മെട്രോ സർവ്വീസുകളെ മഴ ബാധിച്ചില്ലെങ്കിലും മെട്രോ സ്റ്റേഷനുകൾക്ക് മുന്നിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ വലച്ചു.

കലൂർ കെഎസ്ഇബി സബ്സ്റ്റേഷനിലെ കൺട്രോൾ റൂമിൽ വെള്ളം കയറിയതിനെ തുടർന്ന് നാളെ രാവിലെ വരെ സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. നെടുമ്പാശ്ശേരിയിൽ വിമാന സർവ്വീസുകളെ മഴ ബാധിച്ചിട്ടില്ല. മഴയുടെ തീവ്രത കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച റെഡ് അലർട്ടാണ്.