ഇടുക്കി: കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യുവകുപ്പിന്  ഇരട്ടത്താപ്പെന്ന് ആരോപണം. വന്‍കിടക്കാരെ സംരക്ഷിക്കുകയും സാധരണക്കാരെ ഒഴിപ്പിക്കുകയുമാണ്  അധിക്യതര്‍ ചെയ്യുന്നതെന്നാണ് ആരോപണം. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച ദൗത്യസംഘമടക്കം ഈ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനടക്കം നിരവധിപേര്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് റവന്യുവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നിര്‍ത്തിവയ്ക്കല്‍ നോട്ടീസും കൈമാറി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി തന്റേതല്ലെന്നും അവകാശി മറ്റൊരാളാണെന്നും പറഞ്ഞ് നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ് കൈപ്പറ്റിയില്ല. 

എന്നാല്‍ അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി. മൂന്നാര്‍ കോളനി, പഴയമൂന്നാര്‍, പള്ളിവാസല്‍ മേഖലകളില്‍ പുഴയോരം കയ്യേറിയും ദേശീയപാതയുടെ ദൂരപരിധി ലംഘിച്ചും നിരവധി പേരാണ് നിര്‍മ്മാണം നടത്തുന്നത്. ഇത്തരക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെയ്ക്കല്‍ നോട്ടീസും നല്‍കി. എന്നാല്‍ നിര്‍മ്മാണങ്ങള്‍ പലതും അവസാനഘട്ടത്തിലാണ്. 

ദേവികുളം മേഖലയില്‍ ലൈഫ് പദ്ധതിയുടെ മറവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണെന്നാണ് ആരോപണം.  ആളും പേരുമില്ലാത്ത ഷെഡ്യൂളുകള്‍ പൊളിച്ചുനീക്കി വാര്‍ത്താമാധ്യമങ്ങളില്‍ ചിത്രം കൈമാറുകയാണ് ഉദ്യോഗസ്ഥകര്‍ ചെയ്യുന്നത്. തലമുറകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ കളക്ടര്‍ക്ക് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്നത്.  സ്വന്തം വീടുകളില്‍ അന്യനെപോലെ താമസിച്ചുമരിക്കേണ്ടിവരുന്ന സാധരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.