സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മക്കളുണ്ട്. മാലക്കല്ലിനടുത്ത് മലയോര മേഖലയിൽ സജിയുടെ ഉടമസ്ഥതയിൽ വസ്തുവുണ്ട്. ഈ കാരണം ചൂണ്ടിക്കാട്ടി എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സാമ്പത്തിക ധനസഹായമായ അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് നൽകിയിരുന്നില്ല. ഇതിന് പുറമെ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള മരുന്ന് ജില്ലയിൽ പലയിടത്തും ലഭ്യമാകാത്ത സ്ഥിതിയും കുറച്ച് കാലമായുണ്ട്. സജി മാനസിക വെല്ലുവിളിയും നേരിടുന്നതായും വിവരമുണ്ട്. പുറമെ സാമ്പത്തിക ബാധ്യത കൂടി ശക്തമായതിനെ തുടർന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്