ഏങ്ങണ്ടിയൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി 16 വർഷങ്ങൾക്ക് ശേഷം പിടിയിലായി.
തൃശൂര്‍: വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 16 വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം തൃശൂര്‍ റൂറല്‍ പോലീസ് അബുദാബിയില്‍നിന്ന് പിടികൂടി. ഏങ്ങണ്ടിയൂര്‍ ഏത്തായ് പരിയകത്ത് വീട്ടില്‍ സുജിത്ത് കുമാര്‍ (46) ആണ് പിടിയിലായത്. കേസില്‍ റിമാന്‍ഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയും കഴിഞ്ഞ 16 വര്‍ഷത്തോളമായി അവിടെ ഒളിവില്‍ കഴിയുകയുമായിരുന്നു.
പ്രതിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹ്മാന്‍, വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അസീസ്, തിരുവനന്തപുരത്തുനിന്ന് ഇന്റര്‍പോള്‍ ലൈസന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എ.എസ്.ഐ. ബിനു എന്നിവരെ അബുദാബിയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അബുദാബിയിലെത്തി റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം രണ്ടര മാസത്തോളമായി അവിടെ തടഞ്ഞുവച്ചിരിക്കുകയായിരുന്ന പ്രതിയെ ഏറ്റുവാങ്ങി കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു.
അവിടെനിന്നും പ്രതിയെ വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്.ഐ. എബിന്‍, എസ്.ഐ. ഗോകുല്‍ എന്നിവര്‍ ഏറ്റുവാങ്ങി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.2008 ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് ആറോടെയാണ് ധനീഷ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുജിത്ത് വധക്കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ധനീഷിനെ കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ചത്. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. ഒളിവില്‍ പോയ 3ാം പ്രതിയായ ഏങ്ങണ്ടിയൂര്‍ വില്ലേജ് വേട്ടയ്‌ക്കൊരുമകന്‍ കടവ് ദേശത്ത് ഉണ്ണിക്കോച്ചന്‍ വീട്ടില്‍ രാകേഷി (46)നെ കഴിഞ്ഞ 18ന് റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം ദുബായിയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.














