ആലുവ, എടത്തല ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 8.635 കിലോഗ്രാം കഞ്ചാവുമായി അലികുഞ്ഞ് എന്നയാൾ പിടിയിലായി. ഇയാൾ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്ന ആളാണ്.

ആലുവ: ആലുവ, എടത്തല ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 8.635 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. 'അലി ഭായ്' എന്ന് വിളിക്കുന്ന അലികുഞ്ഞിനെയാണ് (43) എക്സൈസ് സംഘം പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികളായ കഞ്ചാവ് കച്ചവടക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് വാങ്ങി ആലുവ, പെരുമ്പാവൂർ പ്രദേശങ്ങളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സർക്കിൾ പാർട്ടിയാണ് പരിശോധന നടത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 40 Q 0968 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയും കഞ്ചാവ് വിറ്റ വകയിൽ ലഭിച്ച 3,370 രൂപയും സംഘം പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ജോൺസൺ, അരുൺ കുമാർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ജിബിനാസ്, വിഷ്ണു, സലാഹുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ (WCEO) നിജ ജോയ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (CEO DVR) പ്രദീപ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.