മലപ്പുറം: ലോക്ക്ഡൗണിൽ വിദ്യാർഥികളൊക്കെ വെറുതെ മൊബൈൽ ഫോണിൽ നോക്കി കുത്തിയിരിക്കുകയാണെന്ന് പറഞ്ഞാൽ അതൊരു വെറും വാക്കാവും. ക്ലാസിൽ കേട്ട പലതും ലോക്ക്ഡൗൺ കാലത്ത് പരീക്ഷിച്ചറിയാൻ ശ്രമിച്ചവരും കൂട്ടത്തിലുണ്ട്. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് റസീമും നടത്തി ഒരു വേറിട്ട പരീക്ഷണം. കൈ കാണിച്ചാൽ സാനിറ്റൈസർ കൈകളിലേക്ക് പകർന്ന് തരുന്ന ഒരു 'റോബോട്ട്'. 

ചില്ലറ സാധനങ്ങൾ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ സ്‌പ്രേയർ റസീം ഒരുക്കിയിട്ടുള്ളത്. മെഷീൻ എന്നൊക്കെ പറഞ്ഞാലും സാധാരണ ഒരു സാനിറ്റൈസർ ബോട്ടിലിൽ ഘടിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനമെന്നതാണ് പ്രത്യേകത. ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പലയിടത്തും സാനിറ്റൈസർ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും ബോട്ടിലുകൾ കൈകളിലെടുത്ത് ഉപയോഗിക്കുന്നതാണ് നിലവിലെ സാഹചര്യം.

ഇതിന്  ബദലായാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള ബോട്ടിൽ സംവിധാനം റസീം ഒരുക്കിയിട്ടുള്ളത്. ബോട്ടിലിൽ സ്പർശിക്കാതെ തന്നെ സാനിറ്റൈസർ കൈകളിലേക്ക് പകരാൻ ഈ സംവിധാത്തിന് കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ തുറക്കുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഇത്തരം ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനം ഒരുക്കുന്നത് വഴി കൂടുതൽ സുരക്ഷിത്വം ഉറപ്പാക്കാൻ കഴിയുമെന്ന് റസീം പറയുന്നു. ഏതൊരു ബോട്ടിലിലും ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിന് പരമാവധി 200 രൂപ മാത്രമാണ് ചെലവ്.

കാസർഗോഡ് എൽബിഎസ് എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥിയായ റസീം എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയത്. വീട്ടിലിരുന്നും സാമൂഹത്തിൽ സേവന പ്രവർത്തനങ്ങൾ നടത്താമെന്നതാണ് ഈ യുവ വിദ്യാർഥി നൽകുന്ന പാഠം. അധ്യാപകനായ അനീസ്, എൻഎസ്എസ് കോർഡിനേറ്റർ വി മഞ്ജു എന്നിവർ റസീമിന് പൂർണ പിന്തുണ നൽകി. കൂരിയാട് പരേതനായ ഉള്ളാടൻ സൈതലവിയുടെയും ഖമർബാനുവിന്റെയും നാല് മക്കളിൽ മൂന്നാമനാണ് മുഹമ്മദ് റസീം.