നേരത്തെ മൻകീ ബാത്തിലും ഇവർക്ക് അംഗീകാരം ലഭിച്ചിരുന്നു. പരിപാടിയില് പങ്കെടുക്കാൻ ജേഷ്ഠ സഹോദരൻ അജയകുമാറും കൂടെ ഉണ്ടാവും.
മാവേലിക്കര: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മാവേലിക്കരയിൽ നിന്നും ഒരു പ്രതിനിധി. വനം വകുപ്പിന്റെ നേതൃത്വത്തിൽ മിയാവാക്കി മാതൃകയിൽ സ്ഥാപിച്ച ചെറു വനം സംരക്ഷിച്ച് പരിപാലിച്ച് ജനശ്രദ്ധ നേടിയ റാഫിരാമനാഥിനാണ് റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. നേരത്തെ മൻകീ ബാത്തിലും ഇവർക്ക് അംഗീകാരം ലഭിച്ചിരുന്നു. പരിപാടിയില് പങ്കെടുക്കാൻ ജേഷ്ഠ സഹോദരൻ അജയകുമാറും കൂടെ ഉണ്ടാവും.
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ ജീവ ശാസ്ത്ര അധ്യാപകനായ റാഫിരാമനാഥിനെ 102-ാമത്തെ മൻകി ബാത്തിലാണ് പ്രധാനമന്ത്രി പരാമർശിച്ചത്. കുട്ടികളോടൊത്ത് മണ്ണും, ജലവും, വായുവും സംരക്ഷിക്കാനുള്ള റാഫി രാമനാഥിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു മിയാവാക്കി മാതൃകയിൽ വിദ്യാലയ വളപ്പിൽ സ്ഥാപിച്ച വിദ്യാവനം പദ്ധതി. സ്കൂൾ മാനേജ്മെന്റ് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് റാഫി രാമനാഥിന്റെ നേതൃത്വത്തിൽ 115 ഇനങ്ങളിലായി 460 മരങ്ങൾ നട്ട് വനംവകുപ്പ് നിർമിച്ചതാണ് വിദ്യാവനം പദ്ധതി. വിദ്യാവനത്തിന് ചുറ്റുവേലി കെട്ടി സംരക്ഷിച്ച് നെയിംബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യൂആർ കോഡ് സ്ഥാപിച്ച്, കുട്ടികൾക്ക് സ്കാൻ ചെയ്ത് വൃക്ഷങ്ങളുടെ വിവരങ്ങൾ മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ വൃക്ഷ ലൈബ്രറി കൂടിയാണ് വിദ്യാവനം.
2004 ൽ ജോലിയിൽ പ്രവേശിച്ച റാഫി 2009 ൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കോർഡിനേറ്റർ ആയതോടെ കുട്ടികളുമൊത്ത് പ്രവർത്തനം തുടങ്ങിയത്. വനംവകുപ്പിന്റെ സഹായത്തോടെ സ്കൂളിൽ 50 ഔഷധസസ്യങ്ങൾ നട്ടായിരുന്നു തുടക്കം. ഔഷധത്തോട്ടത്തിൽ ഇപ്പോൾ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങള്‍ വളരുന്നു. വഴിയോരത്തെ തണൽ മരങ്ങളിൽ ആണിയും മറ്റും തറച്ച് പരസ്യ ബോർഡുകൾ സ്ഥാപിച്ചു. വൃക്ഷങ്ങൾ നശിപ്പിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഫലമായി 2012ൽ മരങ്ങളിൽ ആണി തറച്ച് പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ജില്ലയിലെ വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭോദ്യാനം തുടങ്ങിയ ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നുണ്ട്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ 'നാട്ടുപച്ച', 'ശലഭോദ്യാനം' എന്നീ പദ്ധതികളിലും പങ്കാളിയായി. സ്കൂളില്‍ കുട്ടികളുടെ നഴ്സറി ആരംഭിച്ച് കുട്ടികളെ കൊണ്ട് വിത്ത് പാകി വൃക്ഷത്തൈകള്‍ മുളപ്പിച്ച് നട്ടുവളര്‍ത്തുന്ന പദ്ധതിക്കും തുടക്കമിട്ടു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരുന്ന റാഫി രാമനാഥ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗമാണ്. ജൈവവൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം, വനമിത്ര പുരസ്കാരം, ഐവാല വൃക്ഷമിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രകൃതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും, പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി നിർമിച്ച 'തളിര് നല്ല നാളെക്കായി' എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്കാരം ലഭിച്ചു. മരങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി 'നന്മമരം' ഡോക്യുമെന്ററി ഒരുക്കി. സ്കൂളുകളിലും കോളജുകളിലുമൊക്കെ പരസ്ഥിതിസംരക്ഷണ ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്ന റാഫി രാമനാഥ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്‍ സംഘടിപ്പിച്ച 'ഗ്രീഷ്മോത്സവം ' കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നരേന്ദ്രപ്രസാദ് നാടകപഠനഗവേഷണ കേന്ദ്രം ഭരണസമിതി അംഗമാണ്. മാവേലിക്കര തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനിൽ രാമനാഥൻ പിള്ളയുടെയും, സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലക്ഷ്മി, മക്കൾ: ആർ എസ് അദ്വൈത്, ആർ എസ് പാർത്ഥിവ്.
