കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് ആരോഗ്യരംഗത്തെ ആശങ്കയിലാക്കുന്നു. ഈ മാസം മൂന്ന് ദിവസം കൊണ്ട് ഡെങ്കിപ്പനിയുള്ള രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ഇത്തവണ മൺസൂൺ മഴയുടെ തുടക്കത്തിൽ തന്നെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മുപ്പത്തൊന്നിന് പതിനൊന്ന് പേര്‍ക്കാണ് ഡെങ്കിപനി സ്ഥിരീകരിച്ചത്.

മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 23 ആയി. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണവും വലിയ തോതിൽ കൂടി. മെയ് 31 ന് രോഗം സംശയിച്ച് അറുപത്തഞ്ച് പേർ ചികിത്സയിലുണ്ടായിരുന്നു. ജൂണ്‍ മൂന്നിന് ഇത് 118 ആയി. പകര്‍ച്ചപ്പനി രോഗികളുടെ എണ്ണവും 2093ലെത്തി. പകർച്ചപ്പനിയുള്ള രോഗികൾക്ക് പ്രത്യേക ട്രയാജ് സംവിധാനമൊരുക്കേണ്ടതുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലായതിനാൽ പ്രത്യേക സംവിധാനമൊരുക്കാൻ ആരോഗ്യ പ്രവർത്തകർ മതിയാകാതെ വരുമെന്നും ആശങ്കയുണ്ട്.