പീഡനത്തിന് ശേഷം അതിജീവിതക്ക് തിരികെ പോകാന്‍ പ്രതികൾ പുതിയ വസ്ത്രം വാങ്ങി നല്‍കിയതായും പൊലീസ് പറഞ്ഞു. തന്നെ കൂടുതല്‍ ഉപദ്രവിച്ചത് രണ്ടാം പ്രതിയായ യുവതി ആണെന്നും ബലാത്സംഗം രാസലഹരി നല്‍കിയ ശേഷമാണെന്നുമാണ് അതിജീവിതയുടെ പ്രാഥമിക മൊഴി.

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് പൊലീസ്. അതിജീവിതയെ വാഹനം വിട്ട് സ്പായിലേക്ക് വിളിപ്പിച്ചത് ഇവരുടെ പങ്കാളി ടാക്സി ഓടാന്‍ പോയെന്ന് ഉറപ്പിച്ച ശേഷമാണെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ പീഡനത്തിന് ശേഷം അതിജീവിതക്ക് തിരികെ പോകാന്‍ പ്രതികൾ പുതിയ വസ്ത്രം വാങ്ങി നല്‍കിയതായും പൊലീസ് പറഞ്ഞു. തന്നെ കൂടുതല്‍ ഉപദ്രവിച്ചത് രണ്ടാം പ്രതിയായ യുവതി ആണെന്നും ബലാത്സംഗം രാസലഹരി നല്‍കിയ ശേഷമാണെന്നുമാണ് അതിജീവിതയുടെ പ്രാഥമിക മൊഴി.

സ്പായുടെ മറവില്‍ പ്രതികള്‍ നേരത്തെയും പ്രതികൾ യുവതികളെ ഉപദ്രവിച്ചതായി സംശയമുണ്ട്. കേസിലെ രണ്ടാം പ്രതിയായ യുവതിയും നാലാം പ്രതിയും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം തടുങ്ങി. അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും സെക്സ് റാക്കറ്റ് ബന്ധം അന്വേഷിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. യുവതിയെ ബല്താസംഗം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശി ശ്രീരാജ് എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.

പീഡനം ഒഎൽഎക്സിൽ പരസ്യം കണ്ട് ജോലി തേടിയെത്തിയപ്പോൾ

കൊച്ചിയിലെ സ്പായിൽ മാനേജരായി ആളെ ആവശ്യമുണ്ടെന്ന ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ ഫോണിൽ വിളിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനെത്താൻ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ യുവതിയെ വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചു വരുത്തി. ആദ്യം മദ്യം നൽകി, പിന്നീട് നിർബന്ധിച്ച് ലഹരി മരുന്നും നൽകി. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ 4 പേർ ചേർന്ന് കൂട്ട ബലാത്സം ചെയ്തു. സംഘത്തിലുള്ള സ്ത്രീയും ലൈഗീകാതിക്രമം നടത്തി എന്നാണ് മൊഴി. പ്രതികളിലൊരാൾ കൊച്ചിയിലെ 4 സ്പാകളുടെ നടത്തിപ്പുകാരനാണ്.

മൂന്നാം തീയതിയാണ് യുവതിക്ക് ലോഡ്ജിൽ നിന്ന് പുറത്തു കടക്കാനായത്. ശാരീരികമായും മാനസീകമായും തകർന്ന യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് പൊലീസ്. ഇവരുടെ പങ്കാളിയാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ സ്ത്രീയടക്കമുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. യുവതിയെ ഇന്‍റർവ്യൂവിനായി വിളിച്ചു വരുത്തിയ പത്തടിപ്പാലത്തെ സ്പായിൽ പൊലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രിതികളിലൊരാളായ ശ്രീരാജ് നേരത്തെ ലഹരി കേസിൽ പിടിയിലായിട്ടുണ്ട്.