KL 07 BV 0551 എന്ന നമ്പറിലുള്ള പെട്ടിയോട്ടയിലാണ് പ്ലൈവുഡും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യം തള്ളുന്നതെന്ന് തെളിവടക്കം പരാതി പറഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.  


എറണാകുളം: മഴക്കാലമായതോടെ കൊച്ചിയിലെ മാലിന്യ പ്രശ്നം വീണ്ടും രൂക്ഷമായി. ജനങ്ങള്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും മാലിന്യ നീക്കത്തിന് ശ്വാശ്വതമായ പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഐഎംഎ ഹോളിന് അടുത്തുള്ള സ്കൈലൈന്‍ ഫ്ലാറ്റിന്‍റെയും ഡിഡി നെസ്റ്റ് ഫ്ലാറ്റിന്‍റെയും ഇടയിലുള്ള ഒഴിഞ്ഞ പറമ്പില്‍ എറണാകുളം നഗരത്തിലെ കോഴിമാലിന്യമടക്കം തള്ളുന്നതായി പരാതിപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളിയിരുന്നതെങ്കില്‍ ലോക്ഡൌണില്‍ ഇളവുകള്‍ വന്നതോടെ പകലും ഇവിടെ മാലിന്യം തള്ളുന്നതായി പരാതി. KL 07 BV 0551 എന്ന നമ്പറിലുള്ള പെട്ടിയോട്ടയിലാണ് പ്ലൈവുഡും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യം തള്ളുന്നതെന്ന് തെളിവടക്കം പരാതി പറഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

ഈ പറമ്പില്‍ നിക്ഷേപിക്കുന്ന മാലിന്യം ഒറ്റമഴയ്ക്ക് തന്നെ സമീപത്തെ കനാലിലേക്ക് ഒഴുകിയിറങ്ങും. ഇതോടെ കനാല്‍ അടയുകയും പ്രദേശം വെള്ളക്കെട്ടില്‍ നിറയുകയും ചെയ്യുമെന്ന് പ്രദേശവാസികളും പറയുന്നു. പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കണാനാണ് കനാല്‍ നിര്‍മ്മിച്ചതെങ്കിലും അതിന് സമീപത്ത് ഇത്തരത്തില്‍ മാലിന്യനിക്ഷേപം നടത്തുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. മാലിന്യം നിറഞ്ഞ് കനാല്‍‌ അടഞ്ഞ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ് അടക്കം വെള്ളത്തിലാകുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ആരോഗ്യവകുപ്പിലും വീഡിയോ അടക്കം പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ വന്നു നോക്കിപ്പോയതല്ലാതെ ആരോഗ്യവകുപ്പില്‍ നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 



കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona