എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷൻ മുഖംമിനുക്കുകയാണ്. പുതിയ മാറ്റങ്ങളിൽ പേര് കൂടി മിനുക്കണമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ കൗണ്‍സിൽ ആവശ്യപ്പെടുന്നത്.
കൊച്ചി : എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷന് രാജാവിന്‍റെ പേര് നൽകണമെന്ന കൊച്ചി നഗരസഭ പ്രമേയത്തിനെതിരെ കോണ്‍ഗ്രസ്. പേര് മാറ്റലിലെ ബിജെപി രീതി ഇപ്പോൾ ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷൻ മുഖംമിനുക്കുകയാണ്. പുതിയ മാറ്റങ്ങളിൽ പേര് കൂടി മിനുക്കണമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ കൗണ്‍സിൽ ആവശ്യപ്പെടുന്നത്. ഇന്നലെയാണ് മദ്ധ്യകേരളത്തിലെ തന്നെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റണമെന്ന പ്രമേയം കൊണ്ടുവന്നത്. നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ്മന്‍റെ പേരിലാക്കണമെന്നാണ് പ്രമേയം. ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിർദ്ദേശിച്ചത്. പ്രമേയത്തിനെതിരെ കോർപ്പറേഷനിലെ പ്രതിപക്ഷം രംഗത്തെത്തി.
മദ്ധ്യകേരളത്തിന്‍റെ വികസനത്തിന് പ്രധാന ചുവട് വയ്പ്പായിരുന്നു ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രേയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപട്ടങ്ങളില്‍ 14 എണ്ണവും വിറ്റ് ആ തുക കൊണ്ടാണ് രാമവർമ്മൻ ഷൊര്‍ണ്ണൂര്‍ എറണാകുളം റെയില്‍പാത നിർമ്മിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. പേര് മാറ്റം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും കോർപ്പറേഷൻ ആവശ്യപ്പെട്ടു.മുഖംമാറുന്ന സ്റ്റേഷന്‍റെ പേര് കൂടി മാറുമോ എന്ന് ഇനി കേന്ദ്രം തീരുമാനിക്കും.


