ഇരുപത് വർഷമായി ഒളിവിലായിരുന്ന വഞ്ചന കേസ് പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏലൂർ പോലീസ് സ്റ്റേഷനിൽ 2006-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഏറ്റുമാനൂർ സ്വദേശി സെബാസ്റ്റ്യനെയാണ് ലുക്കൗട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
കൊച്ചി: കഴിഞ്ഞ 20 വർഷമായി ഒളിവിലായിരുന്ന വഞ്ചന കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. എലൂർ പോലീസ് സ്റ്റേഷനിൽ 2006-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഏറ്റുമാനൂർ കാണക്കാരി സ്വദേശി ചേലാട്ട് വീട്ടിൽ സെബാസ്റ്റ്യനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കളമശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച 35/2023 ലോങ് പെൻ്റിങ് വാറണ്ട് നിലനിൽക്കെയാണ് അറസ്റ്റ്. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മെയ് 25-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. തുടർന്ന് വിവരം ഏലൂർ പൊലീസിന് കൈമാറി. ഏലൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ കേസെടുത്തത് അറിഞ്ഞിട്ടും രണ്ട് പതിറ്റാണ്ടോളമായി നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് മുങ്ങിനടക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മെയ് 25-ന് തന്നെ ഇയാളെ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.


