ചിലവാക്കിയ കോടികളെവിടെ?, വര്‍ഷാവര്‍ഷം അറ്റകുറ്റപണി നടത്തിയിട്ടും പാല്‍ച്ചുരം റോഡില്‍ കുഴിയടയുന്നില്ല
പൂര്‍ണമായും തകര്‍ന്ന കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിനെക്കുറിച്ചുള്ള 'പൊളിഞ്ഞ് പാൽച്ചുരം'ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു- പാല്‍ച്ചുരത്തിന് പറ്റിയതെന്ത്?

കണ്ണൂര്‍: ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വർഷാവർഷം നടത്തിയിട്ടും പാൽചുരത്തിൽ കുഴിയടയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും പാല്‍ച്ചുരത്തിലൂടെയുള്ള ദുരിതയാത്ര തുടരുകയാണെന്ന് മാത്രം. കോടികള്‍ ചിലവിട്ടിട്ടും അവയെല്ലാം വെള്ളത്തിലാക്കി സര്‍ക്കാര്‍ ഇവിടെ ഓഫ് റോഡ് എക്സിപീരിയന്‍സ് ആണ് ഒരുക്കിത്തരുന്നതെന്നാണ് നാട്ടുകാര്‍ രോഷത്തോടെ പറയുന്നത്. ഓരോ വര്‍ഷവും അറ്റകുറ്റപണിക്കായി ചുരം അടച്ചിടുമ്പോള്‍ കരുതും എല്ലാം ശരിയാകുമെന്ന്. എന്നാല്‍, ചുരം തുറന്നശേഷവും എല്ലാം പഴയതുപോലെ. ചിലയിടങ്ങളില്‍ ഇൻര്‍ലോക്ക് പതിച്ചു സുരക്ഷിതമാക്കിയതൊഴിച്ചാല്‍ ചുരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്.
ഓരോ വര്‍ഷവും ചുരത്തിന്‍റെ അറ്റകുറ്റപണിക്കായി തുക അനുവദിക്കുന്നുണ്ടെങ്കിലും അവയൊന്നും റോഡില്‍ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 2020ല്‍ 25 ലക്ഷം, 2021ല്‍ 65 ലക്ഷം 2022ല്‍ 85 ലക്ഷം എന്നിങ്ങനെ റോഡിന്‍റെ അറ്റകുറ്റപണിക്കായി തുക അനുവദിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെന്പര്‍ ഷാജി പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നരക്കോടിയിലധിക റോഡിനായി അനുവദിച്ചിട്ടും റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ടില്ല. മണ്ണിടിയുന്നതിനാല്‍ ചുരത്തിലെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ പരിപാലിക്കപ്പെടുന്നില്ലെന്നും വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്നതാണ് റോഡ് പൊളിയുന്നതിന്‍റെ പ്രധാന കാരണമെന്നും ഷാജി പറയുന്നു. 15വര്‍ഷത്തോളമായി റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ടെന്നും താല്‍ക്കാലിക ടാറിങ് മാത്രമാണ് നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ മെയില്‍ മാത്രം 11 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപണി നടത്തിയത്. വെള്ളമൊഴുകിപോകാനുള്ള സംവിധാനം പോലും ചുരത്തില്‍ ഇതുവരെ ഒരുക്കിയിട്ടില്ല. മുടക്കുന്ന നികുതിപ്പണം എങ്ങോട്ടാണ് പോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടെണ്ടര്‍ പ്രകാരം പണി നടക്കുന്നുണ്ടോയെന്നും കാര്യക്ഷമമായിട്ടാണോ നടന്നത് അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്‍റെ കീഴിലാണ് റോഡ്. അവരോടും വകുപ്പ് മന്ത്രിയോടും പലകുറി പറഞ്ഞെിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് സ്ഥലം എം.എല്‍.എ സണ്ണി ജോസഫ് പറയുന്നത്. വകുപ്പ് മന്ത്രിയോടും കേരള റോഡ് ഫണ്ട് ബോര്‍ഡിനോടും പലതവണ വിഷയം പറഞ്ഞിട്ടുണ്ട്. ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ഇക്കാര്യം വാര്‍ത്തകള്‍ സഹിതം നല്‍കിയതാണ്. എന്നിട്ടും പരിഹാരമുണ്ടായിട്ടി്ലലെന്ന് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. അറ്റകുറ്റപ്പണിക്കുളളത് കൂടാതെ മട്ടന്നൂർ വിമാനത്താവള റോഡിന്‍റെ ഭാഗമായി 35 കോടി പാസായിക്കിടപ്പുണ്ട് പാൽച്ചുരം റോഡിന്. എന്നിട്ടും ഇതുവരെ ഈ ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടില്ല.
Readmore...'ഒരു രക്ഷയുമില്ലാത്ത റോഡാ'; പൊളിയാന്‍ ഒന്നും ബാക്കിയില്ല, പാല്‍ച്ചുരം റോഡില്‍ 'സാഹസിക യാത്ര'