തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ കൊവിഡ് 19 സ്‌ക്രീനിങ്ങിനായി 35 അംഗ മെഡിക്കല്‍ സംഘം പ്രവൃത്തിക്കുന്നതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാരെയും സ്‌ക്രീനിങ്ങ് ശേഷം മാത്രമാണ് എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുന്നത്.  ഇന്ന് രാവിലെ എട്ടുമണി വരെ  11 വിമാനങ്ങളില്‍     നിന്നായി  1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.

യുഎഇ- 6 സിംഗപ്പൂര്‍ -1, ഒമാന്‍ -2, ഖത്തര്‍ -1, ദില്ലി-1 എന്നിവിടങ്ങളില്‍ നിന്നുള്ള  വിമാനങ്ങളാണ് ഇത്. ഇതില്‍ രോഗ ലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലാക്കി. ആറു പേരെ സംസ്ഥാന സര്‍ക്കാരിന്റെ സമേതിയിലേക്കും മാറ്റി. 1377 യാത്രക്കാരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിനായും അയച്ചു. യാത്രക്കാരെ മുഴുവന്‍ വിശദമായ പരിശോധനനയ്ക്ക് ശേഷമാണ്  വീടുകളിലേക്ക് പറഞ്ഞയക്കുന്നത്.  വീടുകളിലേക്ക് 28 ദിവസം കരുതല്‍ നിരീക്ഷണത്തിനായി അയക്കുന്നവര്‍ക്ക് നിരീക്ഷണ കാലയളവില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസും മെഡിക്കല്‍ സംഘം നല്‍കുന്നുണ്ട്.  

കൂടാതെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖയും യാത്രക്കാര്‍ക്കായി നല്‍കുന്നു. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന സമ്മതപത്രം  ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. കൂടാതെ പൊതുഗതാഗതം ഉപയോഗിക്കരുത് എന്നുള്ള  കര്‍ശന  നിര്‍ദ്ദേശത്തോടു കൂടിയാണ്  ഇവരെ വീട്ടിലേക്ക് അയക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന സ്‌ക്രീനിങ്ങില്‍ രോഗലക്ഷണം പ്രകടമായവരെ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജിലേക്കും  ജനറല്‍ ആശുപത്രിയിലേക്കും മാറ്റുന്നത്. ഇതിനായി രണ്ട് ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. വീടുകളില്‍ കരുതതല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കുള്ള പ്രതേക നിരീക്ഷണ കേന്ദ്രമായ  സമേതിയിലേക്കും യാത്രക്കാരെ അയക്കുന്നുണ്ട്. 

സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഇവിടെ കൊറോണ സ്‌ക്രീനിങ്ങുമായി  ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തങ്ങളും നിയന്ത്രിക്കുന്നത്. എയര്‍പോര്‍ട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകളും ഇവിടെ നടക്കുന്നു. എയര്‍പോര്‍ട്ട് പൂര്‍ണമായും അണുവിമുക്തമാക്കന്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍ പ്പറേഷന്റെ സേവനവും പ്രയോജനപെടുത്തുന്നുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.