അധികൃതരെ അറിയിച്ച ശേഷം രണ്ടുദിവസത്തെ അവധി എടുത്താണ് നാട്ടിലേക്ക് പോയതെന്ന് വിനോദ് കുമാര്‍.

ഹരിപ്പാട്: ഒന്നാം പാപ്പാന്റെ ആഭാവത്തില്‍ ക്ഷേത്ര വളപ്പില്‍ നിന്നും മാറ്റാനോ ശരിയായ പരിചരണം നല്‍കാനോ കഴിയാതിരുന്ന ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പന്‍ കണ്ണന്റെ ഒരാഴ്ചത്തെ ദുരിതത്തിനാണ് അവസാനമായത്. കഴിഞ്ഞ ശനിയാഴ്ച ആനയെ ക്ഷേത്രവളപ്പില്‍ തളച്ച ശേഷമാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഒന്നാം പാപ്പാന്‍ വിനോദ് കുമാര്‍ നാട്ടിലേക്ക് പോയത്. രണ്ട് ദിവസത്തെ അവധി എടുത്ത ശേഷമാണ് പോയത്. എന്നാല്‍ ആറു ദിവസം ആയിട്ടും മടങ്ങി വരാതെ ആയതോടെ ആനയെ അഴിക്കാന്‍ കഴിയാത്ത സ്ഥിതിയായി. 

കണ്ണന്‍ ഒരു സമയം ഒരു പാപ്പാനോട് മാത്രമേ ഇണങ്ങു. രണ്ടാം പാപ്പാന്‍ സുനു കുമാര്‍ ജോലിയില്‍ ഉണ്ടെങ്കിലും ആന അദ്ദേഹവുമായി അടുത്തിട്ടില്ല. വെള്ളം നല്‍കാനോ ചൂടുള്ള സമയം കുളിപ്പിക്കുവാനോ സൗകര്യം ക്ഷേത്ര വളപ്പില്‍ ഇല്ലെന്നും ആനയുടെ പരിപാലനം ബുദ്ധിമുട്ടിലാണെന്നും പാപ്പാന്‍ കടന്നു കളഞ്ഞെന്നും കാട്ടി സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ കരീലകുളങ്ങര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ആനയെ തിരികെ ആനത്തറയില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 

ഇതോടെ ഒന്നാം പാപ്പാനായ വിനോദ് കുമാര്‍ ഇന്ന് ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആന അനുസരിക്കുകയും ചെയ്തു. തുടര്‍ന്ന് ആനയെ ആനത്തറയിലേക്ക് മാറ്റും. അധികൃതരെ അറിയിച്ച ശേഷം രണ്ടുദിവസത്തെ അവധി എടുത്താണ് നാട്ടിലേക്ക് പോയതെന്നും അസുഖം പിടിപെട്ടതിനാല്‍ തിരികെ എത്താന്‍ താമസിച്ചത് ആണെന്നും ആ വിവരവും അധികൃതരെ അറിയിച്ചിരുന്നത് ആണെന്നും വിനോദ് കുമാര്‍ പറഞ്ഞു. 

സ്ഥിര നിയമനം ലഭിക്കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു പോയതാണ് പഴയ പാപ്പാന്‍. തുടര്‍ന്ന് അഞ്ചു മാസത്തോളം ആനയുടെ പരിചരണം ബുദ്ധിമുട്ടില്‍ ആയതോടെ ഡിസംബര്‍ 14നാണ് വിനോദ് കുമാറിനെ ഒന്നാം പാപ്പാനായി നിയമിച്ചത്.

കുറ്റിക്കാട്ടില്‍ നിന്ന് ചാടി വീണ് പുള്ളിപ്പുലി; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

YouTube video player