കരിപ്പുഴ തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. പത്തിയൂർ പടിഞ്ഞാറ് ശ്രീശൈലത്തിൽ ഗോപാലനെ (66) ആണ് കാണാതായത്

കായംകുളം: കരിപ്പുഴ തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. പത്തിയൂർ പടിഞ്ഞാറ് ശ്രീശൈലത്തിൽ ഗോപാലനെ (66) ആണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടു കൂടി പത്തിയൂർ പഞ്ചായത്ത് ഓഫീസിനു കിഴക്ക് മെയിൻ കനാലിനു സമീപം കരിപ്പുഴത്തോട്ടിൽ മീൻ പിടിക്കാനാണ് ഗോപാലൻ പോയത്. എന്നാൽ രാത്രി 10 മണിയായിട്ടും തിരിച്ചെത്തിയില്ല. ഇളയ മകൻ തോട്ടുകടവിൽ അന്വേഷിച്ചു ചെന്നപ്പോൾ ബൈക്ക് അവിടെ ഉണ്ടായിരുന്നുവെങ്കിലും ഗോപാലനെ കണ്ടില്ല. 

കരീലകുളങ്ങര പൊലീസിൽ പരാതി നൽകിയെങ്കിലും രാത്രി വൈകിയതിനാലും കനത്ത മഴയും കാരണം അന്വേഷണം നടന്നില്ല. രണ്ടാം ദിവസം രാവിലെ മുതൽ അഗ്നിശമന സേനയും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും കഴിപ്പുഴ തോടിന്റെ പല ഭാഗത്തും അന്വേഷിച്ചിട്ടും ആളിനെ കണ്ടെത്താനായില്ല. തിരുവല്ല ഓറിയന്റൽ ഇൻഷ്വറൻസ് കമ്പിനി ജീവനക്കാരി ഷൈലജയാണ് ഭാര്യ. മക്കൾ: വിഷ്ണുഗോപാൽ, വിനു ഗോപാൽ.

Read more: ബൈക്ക് മോഷണം, കറങ്ങിനടന്ന് മാല പൊട്ടിക്കൽ, വലവീശിയും കിട്ടിയില്ല, ഇടയ്ക്ക് കക്ഷി 'പൊലീസ്' ആയി, പിടിവീണു

അതേസമയം, മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 -തോടെ ആയിരുന്നു അപകടം. 

വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.