വയനാട്ടിൽ ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്.
കൽപറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വൻ ലഹരി വേട്ട. ബിയർ വെയ്സ്റ്റിന്‍റെ മറവില്‍ ലോറിയില്‍ കടത്തിയ 3495 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു. സ്കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കടത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്
മൈസൂരുവില്‍ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്ക് വന്ന ലോറി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കു കണക്കിന് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം കണ്ടെടുത്തത്. പതിനഞ്ച് കിലോയോളം തൂക്കമുള്ള 233 ചാക്കുകളിലായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉണ്ടായിരുന്നത്. ആകെ ഭാരം മുപ്പത്തിനാല് കിന്‍റലധികം. വയനാട് വാളാട് സ്വദേശി സഫീർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ മുൻപ് കഞ്ചാവ് കടത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്.
സ്കൂള്‍ തുറക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് വൻതോതില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് എക്സൈസ് സംഘത്തിന്‍റെ നിഗമനം. ചെക്ക്പോസ്റ്റുകളില്‍ അടക്കം പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ലോറി ഉടമ മാനന്തവാടി സ്വദേശി ആലിയുടെ ലോറിയില്‍ മുൻപും സമാനമായ രീതിയില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പ്രതിയേയും ലോറിയേയും സുല്‍ത്താൻ ബത്തേരി എസ് എച്ച് ഒയ്ക്ക് കൈമാറും.



