ആലപ്പുഴ: അനധികൃത മദ്യവില്‍പ്പന തടയാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്കു മർദ്ദനമേറ്റു. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. ചേന്നങ്കരി പടിഞ്ഞാറെചിറ വീട്ടില്‍ ബിജേഷ്(42) ആണ് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. പരിക്കേറ്റ എക്‌സൈസ് കുട്ടനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. ആര്‍. ഗിരീഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി. അനില്‍ കുമാര്‍ എന്നിവര്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഡ്രൈഡേ ദിവസം വില്‍പ്പന നടത്തുവാനായി കൂടുതല്‍ അളവില്‍ മദ്യം വാങ്ങുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി നെടുമുടി ബിവറേജസ് ഔട്ട്ലെറ്റില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് എക്സൈസ് സംഘത്തിന് മർദ്ദനമേറ്റത്. കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും  വിജേഷിനെതിരെ കേസെടുത്തു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.