കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡിൽ പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ 20 കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിലായി. 30. 8779 ഗ്രാം എം ഡി എം എയും 0. 0297 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡിൽ പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ 20 കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അണ്ടിശ്ശേരി തോടിന്റെ തീരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം വലയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ ജി ഓംകാർനാഥ്, പിഅനിലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രതീഷ്, ഗോപികൃഷ്ണൻ, ഷെഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


