പത്തനംതിട്ടയിലെ എസ്റ്റേറ്റിൽ എക്സൈസ് റെയ്ഡ്; 198 ലിറ്റർ കോടയും ചാരായവും പിടികൂടി, എസ്റ്റേറ്റ് മാനേജർ അറസ്റ്റിൽ
കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റും കോടയും പിടികൂടി
പത്തനംതിട്ട: കോന്നി കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റും കോടയും പിടികൂടി. 198 ലിറ്റർ കോടയും ചാരായവുമാണ് പിടിച്ചെടുത്തത്. എസ്റ്റേറ്റ് മാനേജർ അറസ്റ്റിലായി.
എസ്റ്റേറ്റിലെ വട്ടത്തറ ഡിവിഷനിൽ ആണ് പത്തനംതിട്ട എക്സൈസ് സിഐയും സംഘവും പരിശോധന നടത്തിയത്. മാനേജരുടെ ക്വാട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ കോടയും വാറ്റുപകരണങ്ങളും ആദ്യം കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടിരുന്ന കോടയും എട്ട് ലിറ്റർ ചാരായവും പിടികൂടി. ആകെ 198 ലിറ്റർ കോട പിടികൂടി. ഗ്യാസ് സിലിണ്ടർ അടക്കം ഉപകരണങ്ങളും കണ്ടെടുത്തു.
സംഭവത്തിൽ എസ്റ്റേറ്റ് മാനേജർ മലയാലപ്പുഴ സ്വദേശി സജി കെ എസിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് എക്സൈസ് അറിയിച്ചു.