എംഡിഎംഎയുമായി കാർ വരുന്നുവെന്ന് രഹസ്യ സന്ദേശം, തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഡാൻസാഫിലെ പോലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് വാഹനം തടയുകയായിരുന്നു. ഇത് വകവെക്കാതെ കാർ മുന്നോട്ടെടുത്ത പ്രതി, റോഡിനു കുറുകെ നിന്ന സിപിഒ ഷൈനിനെ ഇടിച്ചു തെറിപ്പിച്ച് കാറുമായി കടന്നു. ഇടിയുടെ ആഘാതത്തിൽ ഷൈൻ ദൂരേക്ക് തെറിച്ചു വീണു.
തൃശൂർ: മണലൂർ പാലാഴിയിൽ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതേ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തുടർന്ന് നിരവധി കേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി പവൻദാസിനെ അന്തിക്കാട് പൊലീസ് പിന്തുർന്ന് പിടികൂടി. പരിക്കേറ്റ ഡാൻസാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥൻ ഷൈൻ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ മണലൂർ പാലാഴിയിലാണ് സംഭവം. എംഡിഎംഎയുമായി മാമ്പുള്ളി സ്വദേശി കടയിൽ വീട്ടിൽ പവൻദാസ് കാറിൽ വരുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് ഡാൻസാഫിലെ പോലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് വാഹനം തടയുകയായിരുന്നു. എന്നാൽ ഇത് വകവെക്കാതെ കാർ മുന്നോട്ടെടുത്ത പ്രതി പവൻദാസ്, റോഡിനു കുറുകെ നിന്ന സിപിഒ ഷൈനിനെ ഇടിച്ചു തെറിപ്പിച്ച് കാറുമായി കടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷൈൻ ദൂരേക്ക് തെറിച്ചു വീണു. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് രണ്ടു ജീപ്പുകളിലായി പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
തൃത്തല്ലൂർ ഏഴാംകല്ലിൽ വെച്ച് പോലീസ് ജീപ്പ് കാറിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മയക്കു മരുന്ന് കച്ചവടക്കാരനും നിരവധി കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് പിടിയിലായ പവൻദാസെന്ന് പോലീസ് പറഞ്ഞു. ഷോൾഡറിന് പരിക്ക് പറ്റിയ സിപിഓ ഷൈൻ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.