നിരാലംബ കുടുംബത്തിന് എക്സൈസിന്റെ ഓണ സമ്മാനം 

വാമനപുരം: കേസ് രേഖകൾ പ്രകാരം, പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം ഗേറ്റ്മുക്കിലെ മാധവൻ മകൻ ബിജു. ഇയാളെ തേടിയാണ് എക്സൈസ് സംഘം വാറണ്ടുമായി വീട്ടിലെത്തിയത്.വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു ബിജു. വാറണ്ട് പ്രകാരം അന്വേഷിച്ച് വീട്ടിലെത്തിയ എക്സൈസ് സംഘം കണ്ടതും അറിഞ്ഞതും പക്ഷെ, ദയനീയമായ കാഴ്ചകളായിരുന്നു. 

2018-ലാണ് അപകടം ബിജുവിനെ തേടിയെത്തുന്നത്. തടി കയറ്റുന്നതിനിടയിൽ ലോറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ബിജുവിന് സംസാര ശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ടു. പരസഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന അവസ്ഥയിൽ ബിജുവിന് ചികിത്സ തുടരുകയാണ്. ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയ്ക്കും നടുവിന് പ്രശ്നങ്ങൾ ഉള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. വാറണ്ടുമായി എത്തിയ എക്സൈസ് സംഘത്തിന് മുന്നിലേക്ക് വന്ന കാഴ്ചകൾ ഇവയൊക്കെയായിരുന്നു.

കുറച്ച് കാര്യങ്ങൾ കൂടി അവർ മനസിലാക്കി. അസുഖ ബാധിതയായ മകൾ പഠനം ഉപേക്ഷിച്ചു നിൽക്കുന്നു. മകൻ പ്ലസ് വണ്ണിന് പഠിക്കുന്നു. സഹായിക്കാൻ എടുത്തുപറയാൻ ബന്ധുക്കളും ആരും ഇല്ല. കുടുംബം നിത്യവൃത്തി നടത്തുന്നത് തന്നെ അടുത്തുള്ള വീട്ടുകാരുടെ സഹായത്താലായിരുന്നു എന്നും അവർ മനസിലാക്കി. വാറണ്ട് നടപ്പിലാക്കാൻ എത്തിയവർ ഈ കാഴ്ചകൾ കണ്ടപ്പോൾ വെറുതെയിരുന്നില്ല..

പ്രിവന്റീവ് ഓഫീസറായ ബിജുലാലും സംഘവും ഓഫീസിൽ വിവരം അറിയിച്ചു. പിന്നെ എല്ലാം ഒരു കൂട്ടായ്മയുടെ സന്തോഷമായിരുന്നു. വാമനപുരം റേഞ്ച് ഓഫീസിലെ ജീവനക്കാർ ചേർന്ന് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാധനങ്ങളും പച്ചക്കറിയും എത്തിച്ചുകൊടുത്തു. മകന് പഠിക്കാൻ നോട്ട് ബുക്കുകളും അവർ അവിടെ എത്തിച്ചു. ഇതുകൊണ്ടൊന്നും കുടുംബത്തിന് വേണ്ടത് ആവില്ലെന്ന് അവർക്ക് അറിയാമായിരുന്നു. 

Read more: 'അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ കുറിപ്പടിയിൽ മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കുക', അമിത ഉപയോഗം തടയാൻ പരിശോധന

എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാറിന്റെ അഭ്യർത്ഥന മാനിച്ച് പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷൻ ധനസഹായം നൽകി. വസ്ത്രങ്ങളും മറ്റുമായി വാർഡ് മമ്പർ ഗീത പ്രജി എത്തി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകാമെന്ന് വാർഡ് മെമ്പറുടെയും ഇലവുപാലത്തുള്ള പൗരസമിതിക്കാരുടെയും ഉറപ്പും. അങ്ങനെ ഒരു വാറണ്ടിൽ ആ ജീവനുൾക്ക് ഓണസമ്മാനമായി പുതുജീവിതം സമ്മാനിച്ചു എക്സൈസ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം