കോഴിക്കോട്: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 100 ലിറ്റര്‍ വാഷ് കണ്ടെത്തി. പന്തലായനി  കോട്ടക്കുന്ന് ഭാഗത്ത്, കുറ്റി കാടുകൾ ക്കിടയിൽ നിന്നാണ് 100  ലിറ്റർ വാഷ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ ബിജു മോന്റെ  നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. 

പിടിച്ചെടുത്ത വാഷ് ഉടന്‍ തന്നെ നശിപ്പിച്ചു. സംഭവത്തില്‍ കൊയിലാണ്ടി  എക്സൈസ് റെയ്ഞ്ച് ഓഫീസിൽ  കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് ശക്തമാക്കിയിരുന്നു. ഈയിടെയായി മുപ്പത്തിഅഞ്ചോളം കേസിൽ നിന്നും ആറായിരത്തോളം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്.