Asianet News MalayalamAsianet News Malayalam

ഡിഎം വിംസ് ഏറ്റെടുക്കല്‍; വിദഗ്ധ സമിതി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് വിംസ് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് പഠിക്കാന്‍ എത്തിയിരിക്കുന്നത്.

Expert Committee visits d m vims medical college
Author
Kalpetta, First Published Jul 14, 2020, 8:56 AM IST

കല്‍പ്പറ്റ: വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടിയിലെ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. ചികിത്സാ സൗകര്യങ്ങള്‍ കുറവുള്ള ജില്ലയില്‍ സൗകര്യങ്ങളോട് കൂടിയ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് ഉചിതമാണെന്നാണ് സമിതി വിലയിരുത്തല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് വിംസ് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് പഠിക്കാന്‍ എത്തിയിരിക്കുന്നത്. ആറ് ഡോക്ടര്‍മാര്‍ക്ക് പുറമെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ചീഫ് എന്‍ജിനീയര്‍, തുടങ്ങിയവരും സംഘത്തിലുണ്ട്. കോളേജിലെ ഭൗതിക, അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ കാര്യങ്ങളും സമിതി പരിശോധിക്കും. 

ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെയുള്ളവയും പരിശോധനാ പരിധിയില്‍ വരും. മൂന്ന് ദിവസം കൊണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് മൂന്നാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. 

കോളേജ് വിട്ടുനല്‍കാന്‍ ഡി .എം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ സമിതിയെ നിയമിച്ചത്. നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കല്‍ പോലും നടന്നിരുന്നില്ല

Follow Us:
Download App:
  • android
  • ios