ഇടുക്കി: ഗ്യാപ്പ് റോഡിലെ മലയിടിച്ചിലുണ്ടായ പ്രദേശത്ത് വിദഗ്ദ സംഘം പരിശോധന നടത്തി. കോഴിക്കോട് എൻഐറ്റിയിൽ നിന്നുള്ള ഡീൻ  ഡോ.ചന്ദ്രാധരൻ, ജില്ലാ ജfയോളജിസ്റ്റ് ഡോ.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത് .മലയിടിച്ചിലുണ്ടായ ഭാഗത്തെ പാറകളും മണ്ണും ശേഖരിച്ച സംഘം ഇവ വിശദമായി പരിശോധിച്ച ശേഷം രണ്ടാഴ്ചയ്ക്കകം സർക്കാറിന് റിപ്പോർട്ട് നൽകും.

ഭാവിയിൽ പ്രദേശത്ത് അപകടങ്ങൾ ആവർത്തിക്കാതെ എങ്ങനെ നിർമ്മാണം നടത്താൻ കഴിയുമെന്നത് സംബന്ധിച്ച് പരിശോധകൾക്കു ശേഷം വിദഗ്ധ സംഘം റിപ്പോർട്ടു നൽകും. ഇടിഞ്ഞു കിടക്കുന്ന മണ്ണും പാറയും നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം വിദ്ഗദ സംഘം ഇടക്കാല റിപ്പോർട്ടുനൽകും. റിപ്പോർട്ട് ലഭിച്ചാലുടൻ ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിക്കുമെന്ന് ദേശീയപാതാ അസി.എക്സി.എൻജിനീയർ റെക്സ് ഫെലിക്സ് പറഞ്ഞു. 

ഒക്ടോബർ എട്ടിനാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപ്പെട്ട ഗ്യാപ്പ് റോഡിൽ മലയിടിച്ചിലുണ്ടായത്.അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലയിടിച്ചിലിൽ ഗതാഗതം നിലച്ചതോടെ കുഞ്ചിതണ്ണി, അനച്ചാൽ വഴി 40 കി.മീറ്റർ അധികം സഞ്ചരിച്ചു വേണം യാത്രക്കാർക്ക് മൂന്നാറിലെത്താൻ.