കാലാവധി കഴിഞ്ഞ ആന്‍റിബയോടിക്ക് മരുന്നാണ് ആശുപത്രിയിൽ നിന്ന് നൽകിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിൽ നിന്നും വാങ്ങുകയും മൂന്ന് ദിവസം കഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്.

കാസർകോട്: കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും 15കാരന് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി കുടുംബം. പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൽ വിരലിന് അലർജിയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ 15കാരനാണ് ജൂലൈ മാസത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയത്. കാലാവധി കഴിഞ്ഞ ആന്‍റിബയോടിക്ക് മരുന്നാണ് ആശുപത്രിയിൽ നിന്ന് നൽകിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിൽ നിന്നും വാങ്ങുകയും മൂന്ന് ദിവസം കഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്.

കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിലെത്തി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡോക്ടർ വിഷയം നിസാരവത്കരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെ ഇവർ ഡിഎംഒയ്ക്ക് പരാതി നൽകുകയായിരുന്നു. സംസ്ഥാനത്ത്‌ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുകയും മരുന്ന് ക്ഷാമം രൂക്ഷമാവുകയും ചെയ്യുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.

മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താനാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഭീമമായ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്. അടുത്തയാഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തുെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ അടുത്തയാഴ്ചയെങ്കിലും പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.