എല്ലാവർക്കും കാവൽക്കാരനും കൂട്ടുകാരനുമായിരുന്ന സുരേഷിന് നാട്ടുകാർ ഫ്ലക്സ് സ്ഥാപിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
കൊല്ലം: ഒരു നായയുടെ വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. 'പാർലെ ജി സുരേഷ്' എന്ന് കൊല്ലം പൂവറ്റൂരിലെ നാട്ടുകാർ പേരിട്ടു വിളിച്ച നായ ദിവസങ്ങൾക്ക് മുമ്പാണ് അവരെ വിട്ടുപിരിഞ്ഞത്. എല്ലാവർക്കും കാവൽക്കാരനായിരുന്ന നായയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നാട്ടുകാർ ഫ്ലക്സും സ്ഥാപിച്ചു.
"അവനെ ഒരു നായ ആയിട്ടല്ല കൂട്ടുകാരനോ വീട്ടിലെ ഒരംഗമായിട്ടോ ഒക്കെയാണ് ഞങ്ങൾ കരുതിയിട്ടുള്ളത്. ഈ നാട്ടിലെ എല്ലാ വീടുകളിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം സുരേഷിനുണ്ടായിരുന്നു"- നാട്ടുകാരനായ മണിയന്‍റെ വാക്കുകളിലുണ്ട് സുരേഷിനോടുള്ള പ്രിയം. അവന് വലിയ സ്നേഹമായിരുന്നു എല്ലാവരോടും. വാല് കൊണ്ടാ അവൻ സ്നേഹം പ്രകടപ്പിക്കുന്നത്. ഒരിക്കലും മറക്കാനാവില്ല. ആർക്കും ഒരു ശല്യവുമുണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാരി കുഞ്ഞുക്കുട്ടി പറഞ്ഞു.
തുണിക്കടയിലെ സ്ത്രീകളെ വീട്ടിൽ കൊണ്ടുപോയി വിടുന്നത് സുരേഷാണ്. എല്ലാവരുടെയും ബോഡി ഗാർഡായിരുന്നു. അവർ നൽകുന്ന ബിസ്കറ്റുമായി അവൻ തിരിച്ചുവരികയും ചെയ്യും. ബിസ്കറ്റായിരുന്നു സുരേഷിന് ഏറ്റവും പ്രിയം. 10 പാർലെ ബിസ്കറ്റെങ്കിലും ദിവസവും തിന്നുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും മനുഷ്യപ്പറ്റുള്ളൊരു നായ ഇനി ഭൂമിയിലുണ്ടാകില്ലെന്ന് ചായക്കടക്കാരൻ സുദർശൻ പറഞ്ഞു. ഒരു നായയും നാടും തമ്മിലുള്ള അപൂർവ്വമായ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല നാട്ടുകാർക്ക്.
പെട്ടെന്നൊരു ദിവസം സുരേഷിനെ കാണാതാവുകയായിരുന്നു. പിന്നീട് ജീവനില്ലാതെയാണ് കണ്ടത്. ആ സങ്കടം നാടിനെയാകെ ഉലയ്ക്കുകയാണ്.

