ഫോസ്ഫറിക് ആസിഡ് ഇറക്കുമതി ചെയ്തിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഫാക്ടിനു നെല്‍, പൈനാപ്പിള്‍, തെങ്ങ്, കവുങ്ങ്, വാഴ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വിതരണം ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല

തൃശൂര്‍: രാസവള ലഭ്യത ഇല്ലാതായതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി വിലയിടിവു മൂലം ദുരിതത്തിലായിരുന്ന കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷമായി സ്ഥിരമായി മികച്ച വില ലഭിക്കുന്നുണ്ടെന്നിരിക്കെ വള ദൗര്‍ലഭ്യം ഭീഷണിയാകുകയാണ്. എഫ്.എ.സി.ടിയുടെ ഫാക്ടംഫോസ് 20:20 ഉത്പാദനം നിലച്ചതാണ് വിനയായത്. 

ഫോസ്ഫറിക് ആസിഡ് ഇറക്കുമതി ചെയ്തിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഫാക്ടിനു നെല്‍, പൈനാപ്പിള്‍, തെങ്ങ്, കവുങ്ങ്, വാഴ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വിതരണം ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പമാണ് പൈനാപ്പിള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നിവയുടെയും ക്ഷാമം. വളക്കടകളില്‍ ഇവയൊന്നും ലഭ്യമല്ല എന്ന് മാത്രമല്ല യൂറിയ അടക്കമുള്ള സബ്‌സിഡി വളങ്ങള്‍ ഒരു കര്‍ഷകന് പരമാവധി 45 ചാക്കേ ലഭിക്കൂ. പല ജില്ലകളിലായി നൂറു കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു ഉപകാരവുമില്ല.

നാലു വര്‍ഷം മുമ്പ് പൈനാപ്പിള്‍ വില കിലോ ഏകദേശം 10 രൂപയായി താഴ്ന്നപ്പോള്‍ കടം കയറിയ കര്‍ഷകര്‍ക്ക് ആശ്വാസമായാണ് രണ്ടു വര്‍ഷമായി മികച്ച വില സ്ഥിരമായി ലഭിക്കുന്നത്. ഇന്നലെ പഴത്തിന് 50 രൂപയും പച്ചയ്ക്ക് 42 രൂപയും മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. സ്ഥിരമായി മികച്ച വില നിലനില്‍ക്കുന്നതുകൊണ്ട് കൃഷിയുടെ വിസ്തൃതി കൂടുകയും ചെയ്തു. 1700 കോടിയില്‍ ഏറെ വാര്‍ഷിക വിറ്റുവരവാണ് കേരളത്തില്‍നിന്നു വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്ന പഴവര്‍ഗമായ പൈനാപ്പിളിനുള്ളത്.

ഒരു ഹെക്ടറില്‍ 20000 തൈകളില്‍ ഏറെയാണ് കൃഷി ചെയ്യുക. സാധാരണ ഗതിയില്‍ മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ സമ്മിശ്രമായോ കോംപ്ലക്‌സ് വളങ്ങളായോ രൂപപ്പെടുത്തി ചെടി ഒന്നിന് 60 ഗ്രാം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. വര്‍ഷം രണ്ട് പ്രാവശ്യമായി ഉപയോഗിക്കുന്ന മിശ്ര വളങ്ങള്‍ 30 ഗ്രാം കാലവര്‍ഷ സമയത്തും 30 ഗ്രാം തുലാവര്‍ഷ സമയത്തുമാണ് ഉപയോഗിക്കുക. ഇനി വേനല്‍ക്കാലത്ത് വളം ലഭ്യമായാലും യാതൊരു ഗുണവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കടലിനടിയിലൊരു കത്തീഡ്രൽ പോലെ, 300 വർഷം പഴക്കം; സോളമൻ ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം