തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലേയ്ക്കാണ് ഫോൺ കോൾ എത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു

തൃശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നൻമേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയിൽ വിളിച്ചതാണെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലേയ്ക്കാണ് ഫോൺ കോൾ എത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സജീവനെ പിടികൂടിയത്.

ഗുരുവായൂര്‍ ഥാര്‍ ലേലം; നിയമവിരുദ്ധമെന്ന നിലപാടില്‍ ഉറച്ച് ഹിന്ദുസേവാ സംഘം; ഇനിയെല്ലാം ഹൈക്കോടതി വിധി പോല

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം നിയമവിരുദ്ധമെന്ന നിലപാടില്‍ ഉറച്ച് പരാതിക്കാരായ ഹിന്ദുസേവാ സംഘം ഇന്ന് ഹിയറിംഗിൽ പങ്കെടുത്തു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. കേസില്‍ ദേവസ്വം കമ്മീഷണര്‍ മറ്റ് പരാതിക്കാരുടെ ഹിയറിംഗും നടത്തി.

കഴിഞ്ഞ ഡിസംബർ 18നാണ് 15 ലക്ഷത്തി പതിനായിരം രൂപക്ക് കൊച്ചി സ്വദേശി അമൽ മുഹമ്മദ് ഥാര്‍ ലേലം കൊണ്ടത്. ലേലം ചെയ്ത സംഖ്യക്ക് വാഹനം വിട്ടു നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതിനിടയിലാണ് ഹിന്ദു സേവാ സംഘം വാഹനം വിട്ടു നൽകരുത് എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ദേവസ്വം കമ്മീഷണര്‍ പരാതിക്കാരുടെ സിറ്റിംഗ് നടത്തിയത്. ലേലം റദ്ദാക്കണമെന്ന് നിലപാട് ഹിന്ദു സേവാ സംഘം സിറ്റിംഗില്‍ ആവര്‍ത്തിച്ചു. പരാതിക്കാരെ കൂടാതെ ലേലം സംബന്ധിച്ച്‌ എതിരഭിപ്രായമുള്ള 7 പേരും ഹിയറിങ്ങില്‍ പങ്കെടുത്തു. ദേവസ്വം കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ലേലത്തില്‍ നിന്ന് പിൻമാറാനാണ് അമൽ മുഹമ്മദിൻറെ തീരുമാനം.

ഗുരുവായൂ‍ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പാണ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് ലേലം നടത്തിയത്. ഡിസംബ‍ർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂ‍ർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.

നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.