ചോദ്യം ചെയ്യലിൽ പ്രീഡിഗ്രി പാസായിട്ടില്ലെന്നും കാരക്കോണത്ത്  ഒരുലാബിൽ ടെക്നീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും മൊഴി നല്‍കി.

ആലപ്പുഴ: വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നട്തിയ വ്യാജഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ചെറുവെല്ലൂർ മാമ്പഴത്തോട്ടത്തിൽ നെൽസന്റെ മകൻ എൻ. ബിനുകുമാറി(42)നെയാണ് പൂച്ചാക്കൽ പൊലീസ് പുനലൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും അറസ്റ്റുചെയ്തത്. തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി കൃഷ്ണഭവനിൽ ഡോ.ബബിതയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ഇയാള്‍‌ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്.

ഡോ. ബബിത സംഭവം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അറിഞ്ഞത്. ഇതോടെ ബബിത ആലപ്പുഴ ജില്ലാപൊലീസ് മേധാവി ജയദേവിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. 2020 ഡിസംബർ മാസം മുതൽ പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ ബിനു കുമാര്‍ ഡോക്ടറായി ജോലിനോക്കുകയായിരുന്നു. പൂച്ചാക്കൽ സിഐ അജി ജി.നാഥിന്റെ നേതൃത്വം അന്വേഷണം ആരംഭിച്ചതറിഞ്ഞു ബിനുകുമാർ പൂച്ചാക്കൽ ആശുപത്രിയിൽ നിന്നു പോയി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ കൊല്ലം പുനലൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലിനോക്കുന്നുണ്ടെന്നറിഞ്ഞു. ഇവിടെ എത്തിയ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിനുകുമാറിനെ പൊലീസ് പൂച്ചാക്കൽ മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലിൽ പ്രീഡിഗ്രി പാസായിട്ടില്ലെന്നും കാരക്കോണത്ത് ഒരുലാബിൽ ടെക്നീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും അവിടെ വെച്ച്, വ്യാജ ഡോക്ടറായ അലക്സിന്റെ സുഹൃത്തായ സജിത്തിന്റെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona