ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന് ലഭിച്ചു.

ഇടുക്കി: ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന് ലഭിച്ചു.വിഷയം മാധ്യമ പ്രവര്‍ത്തകന്‍ പോലീസിന്റെയും സബ് കളക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി.

തിരുവോണ ദിവസമായിരുന്നു ദേവികുളം സബ് കളകടറുടേതെന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അടിമാലിയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന് ഓണാശംസ നേര്‍ന്നുള്ള ഫേസ്ബുക്ക് ചാറ്റ് എത്തുന്നത്. സബ് കളക്ടറുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകന്‍ തിരിച്ചും ആശംസ നേര്‍ന്നു. 

ഒരു സഹായം വേണമെന്നും 15000 രൂപ താന്‍ അയച്ചു തരുന്ന ഗൂഗിള്‍ പേ നമ്പരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമോ എന്ന് ചോദിച്ചുള്ള സന്ദേശവും ഗൂഗിള്‍ പേ നമ്പരും പിന്നാലെയെത്തി. ഇതോടെ വ്യാജ ഫെയിസ് ബുക്ക് അക്കൗണ്ടും തട്ടിപ്പും തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ വിവരം സബ് കളക്ടറേയും പോലീസിനേയും അറിയിച്ചു.

സമാന രീതിയില്‍ ദേവികുളം സബ് കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാനുള്ള ശ്രമം മുമ്പും പല തവണ നടന്നിട്ടുണ്ട് .ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.അത്തരം സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്.