സാധാരണ ചേമ്പ് പോലെ ഈ ചേമ്പ് ചൊറിയില്ല. പച്ച കപ്പ തിന്നും പോലെ തൊലി കളഞ്ഞ് ചേമ്പിന്‍ കിഴങ്ങുകള്‍ കഴിക്കാമെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. വയനാട്ടില്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത കപ്പ ചേമ്പ് കൃഷിയില്‍ ഒരു കൈ നോക്കാനാണ് സുനിലിന്റെ തീരുമാനം.

സുല്‍ത്താന്‍ബത്തേരി: തണ്ടിന് നല്ല വയലറ്റ് നിറം. ആനച്ചെവി പോലെ വിടര്‍ന്നു നില്‍ക്കുന്ന ഇലകള്‍. ഇതാണ് പച്ചക്കും കഴിക്കാവുന്ന കപ്പ ചേമ്പ്. വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും വയനാട് അടക്കമുള്ള ജില്ലകളില്‍ വീട്ടാവശ്യങ്ങള്‍ക്കായി പുരയിടങ്ങളില്‍ കപ്പച്ചേമ്പ് നട്ടുവളര്‍ത്തുന്നുണ്ട്. ഇത് ചീരാല്‍ കല്ലിന്‍കര മാത്തൂര്‍ കുളങ്ങര സുനില്‍കുമാറിന്റെ പുരയിടത്തില്‍ അദ്ദേഹം നട്ടുവളര്‍ത്തിയവയാണ്. കണ്ണൂര്‍ തില്ലങ്കേരിയിലെ സുഹൃത്തില്‍ നിന്നാണ് സുനിലിന്‍റെ കൃഷിയിടത്തിലേക്ക് കപ്പചേമ്പ് എത്തുന്നത്. അടുത്ത ആഴ്ച്ച കപ്പച്ചേമ്പ് വിളവെടുക്കാന്‍ ഒരുങ്ങുകയാണ് സുനില്‍.

സാധാരണ ചേമ്പ് പോലെ ഈ ചേമ്പ് ചൊറിയില്ല. പച്ച കപ്പ തിന്നും പോലെ തൊലി കളഞ്ഞ് ചേമ്പിന്‍ കിഴങ്ങുകള്‍ കഴിക്കാമെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. വയനാട്ടില്‍ അത്രക്കങ്ങ് പ്രചാരം നേടിയിട്ടില്ലാത്ത കപ്പ ചേമ്പ് കൃഷിയില്‍ ഒരു കൈ നോക്കാനാണ് മാതൃക കര്‍ഷകനായ സുനിലിന്റെ തീരുമാനം. ഈ വയലറ്റ് ചേമ്പിന്റെ വിത്തുകള്‍ അപൂര്‍വ്വമായി മാത്രമെ ലഭിക്കൂ. അതിനാല്‍ തന്നെ അഞ്ചാറ് ചുവടാണ് പുരയിടത്തില്‍ ഇദ്ദേഹം നട്ട് സംരക്ഷിക്കുന്നത്.

ഏപ്രിലില്‍ നട്ടത് ജനുവരിയില്‍ വിളവെടുക്കാനാകും. ഇത്തവണ വ്യാപകമായി മുള്ളന്‍പന്നികള്‍ കൃഷിയിടങ്ങളിലെത്തി കപ്പ് ചേമ്പിന്റെ തണ്ട് പോലും ബാക്കി വെക്കാതെ ഭക്ഷിക്കുകയാണ്. കാവലിരുന്നും മറ്റുമൊക്കെയാണ് ഇദ്ദേഹം കപ്പ ചേമ്പ് അടക്കമുള്ള വിളകള്‍ സംരക്ഷിക്കുന്നത്. ഏതായാലും കപ്പ ചേമ്പിന്റെ കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സുനില്‍കുമാര്‍.