മട്ടാഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പി.എച്ച് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം മുൻപ് നടന്ന സംഭവത്തിൽ സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജ് നൽകിയ പരാതിയിലാണ് നടപടി.
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്സിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഭാഗത്ത് CC 6/1416 നമ്പർ വീട്ടിൽ പിഎച്ച് നജീബാണ് അറസ്റ്റിലായത്. 38 വയസാണ് പ്രതിയുടെ പ്രായം. മട്ടാഞ്ചേരിയിലെ ജെയിൻ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മാരിവിൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ഏഴ് മാസം മുൻപാണ് കേസിന് ആസ്‌പദമായ പണയത്തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നജീവ് ഈ വർഷം മാർച്ച് 20നാണ് മാരിവിൽ ഫിനാൻസ് ലിമിറ്റഡിൽ എത്തിയത്. 23.250 ഗ്രാം തൂക്കമുള്ള സ്വർണവളയെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജായ കെ.ആർ മഞ്ജുളയാണ് സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസ് നജീബിനെതിരെ കേസെടുത്തിരുന്നു.
എറണാകുളം മാർക്കറ്റ് റോഡ് ഭാഗത്ത് പ്രതിയുണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം ഇവിടെയെത്തി നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് ഗോയലിന്റെ മേൽ നോട്ടത്തിൽ മട്ടാഞ്ചേരി ഇൻസ്പെക്ടർ ഷിബിൻ. കെ.എ., എസ്ഐ അനസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സിപിഒമാരായ ബേബിലാൽ, അജിത്ത്, വിനോദ്, സിനോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


