അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1.5 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

ആലപ്പുഴ: അമ്പലപ്പുഴയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1.5 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാംവാർഡ് കല്ലൂപ്പാറയിൽ ജെ. സുഹാസ് (33), ആലപ്പുഴ അവലൂക്കുന്ന് വെളിയിൽ വി.എസ്. അജിത്ത് (30) എന്നിവരാണ് പിടിയിലായത്.

2024 ജൂലൈ 16 മുതൽ നവംബർ 18 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരുടെ സഹായത്തോടെയാണ് പ്രതികൾ പണം കൈക്കലാക്കിയത്. സുഹാസിനെ ബെംഗളൂരുവിൽ നിന്നും അജിത്തിനെ വീട്ടിൽ നിന്നുമാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

പുതുതായി ചുമതലയേറ്റ മാനേജർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അപ്രൈസർ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് 1,52,78,505 രൂപയുടെ തട്ടിപ്പ് നടത്തിയത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയെങ്കിലും നിലവിൽ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.