Asianet News MalayalamAsianet News Malayalam

Alappuzha Murder : ആലപ്പുഴയിൽ എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 

First Published Mar 23, 2022, 6:20 PM IST | Last Updated Mar 23, 2022, 6:20 PM IST

ആലപ്പുഴ പള്ളിപ്പാട്‌ എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ടാണ് ഡിവൈഎഫ്ഐ നേതാവടക്കമുള്ളവരുടെ സംഘം ബൈക്കിൽ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്നു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുൾഫിത്തിന് ശബരിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. ബൈക്കി‌ൽ വരികയായിരുന്ന ശബരിയെ സുൾഫിത്തും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു നിർത്തി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഹെൽമറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദനം. മർദനമേറ്റ് റോഡരികിൽ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു.