ഇടുക്കി: ലോക്ക് ഡൗണില്‍ മദ്യശാലകള്‍ പൂര്‍ണ്ണായി അടഞ്ഞതോടെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന സജീവമാകുന്നു. മൂന്നാര്‍ എല്ലപ്പെട്ടിയില്‍ നിന്നും സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം എക്‌സെൈസ് പിടികൂടി. യൂക്കാലി കാട്ടിലെ പാറയിടുക്കില്‍ മുപ്പത്തിയഞ്ച് ലിറ്ററിന്റെ കന്നാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.

ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യ വില്‍പ്പന സജീവമാകാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ എക്‌സെൈയിസും പൊലീസും പരിശോധന കര്‍ശനമാക്കിയിരുന്നു. ഏറ്റവവും കൂടുതല്‍ സ്പിരിറ്റ് പിടികൂടിയിട്ടുള്ള മൂന്നാര്‍ മേഖലകയില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നതും. ഇതിനിടെയാണ് എല്ലപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് നേര്‍പ്പിച്ച 34 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയത്. 35 ലിറ്റര്‍ കൊള്ളുന്ന കന്നാസിലാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.

സമീപത്ത്  താമസക്കാരില്ലാത്തതിനാൽ വ്യാജമദ്യം സൂക്ഷിച്ചതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥരായ രാധാകൃഷ്ണന്‍, ബിജു മാത്യു, ദിബു രാജ്, ബിന്ദു മോള്‍, വിനീത് , വിപിന്‍ ,സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജമദ്യം പിടികൂടിയത്.