വയനാട് പനമരത്തിനടുത്ത് കൈതക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കല്‍പ്പറ്റ: നിരത്തുകളിലെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം മരണത്തിലേക്കുള്ള വഴിയായി മാറുമെന്ന് കാണിച്ചു തരികയാണ് ഇന്നലെ വയനാട്ടില്‍ നടന്ന ഒരു അപകടത്തിന്റെ സിസിടിവി ദൃശ്യം. പനമരത്തിനടുത്ത കൈതക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്വദേശി സ്‌നേഹഭവന്‍ രഞ്ജിത്തി(48)നാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൈതക്കല്‍ കാപ്പി ഡിപ്പോക്ക് സമീപത്തായിരുന്നു അപകടം.
അപകടത്തില്‍പെട്ട ബൈക്ക് യാത്രികന്‍ വലിയ ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറിയ വളവുള്ള റോഡില്‍ ഒരു ഓട്ടോറിക്ഷ ലോറിയുടെ എതിര്‍ദിശയില്‍ നിന്ന് വരുന്നതാണ് ആദ്യം കാണുന്നത്. ഓട്ടോറിക്ഷയെ അതിവേഗം മറികടന്ന് ലോറിക്ക് മുന്നില്‍ നിന്ന് കട്ട് ചെയ്ത് കയറിയ കാര്‍ ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്ക് കാണാനായില്ല. അതിവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുന്നതിന്റെയും ബൈക്ക് യാത്രികന്‍ ടോറസ് ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ ലോറി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി. ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് മരണം. രഞ്ജിത്തിന്റെ സംസ്‌കാരം ഇന്ന് നടന്നു. ഭാര്യ: പ്രസീത. മക്കള്‍: അമൃത, അമല്‍ജിത്ത്. അഭിജിത്ത്. മരുമക്കള്‍: ഷിനോജ്, അമയ.


