Asianet News MalayalamAsianet News Malayalam

കാസര്‍കോട് നിന്നും ശ്രീചിത്രയിലെത്തിച്ച കുട്ടിയുടെ നില ഗുരുതരം; ആംബുലന്‍സ് യാത്ര ഡോക്ടർമാരുടെ മുന്നറിയിപ്പ് അവഗണിച്ച്

 ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും കുഞ്ഞിന് സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ചികിത്സ ഒരുക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അവഗണിച്ചതായി ആരോപണമുയർന്നു.

fake news against hridyam project
Author
Thiruvananthapuram, First Published Jul 11, 2019, 10:37 PM IST

തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം. ബുധനാഴ്ച രാത്രി 9 മണിക്കാണ് കാസർകോട് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക്  ഹൃദയ തകരാറുള്ള ഉദുമ സ്വദേശി നാസർ മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ആംബുലൻസ് തിരിച്ചത്. ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും കുഞ്ഞിന് സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ചികിത്സ ഒരുക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അവഗണിച്ചതായി ആരോപണമുയർന്നു. ഇതിന് പിന്നാലെ ഹൃദ്യം പദ്ധതിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ വിവാദമാകുന്നു.  

കുഞ്ഞിന്റെ വിവരങ്ങൾ ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ വിഷയം ബന്ധപ്പെട്ടവർ ഏറ്റെടുത്തിരുന്നു. ഹൃദയ ഭിത്തികളുടെ പ്രവർത്തനം കാര്യക്ഷമം അല്ലാത്തതിനാൽ കൃത്യമായ അളവിൽ ശരീരത്തിലേക്കുള്ള രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാത്ത കാർഡിയോ മയോപതി എന്ന അസുഖമാണ് കുഞ്ഞിന് ഉള്ളത്. ആദ്യം ഹാജരാക്കിയ എക്കോ റിപ്പോർട്ട് ഒരു പീഡിയാട്രിക്ക് കാർഡിയോളജിസ്റ്റിൽ നിന്ന് അല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 

അടുത്ത ദിവസം തന്നെ കൊച്ചി അമൃതയിലെ മെഡിക്കൽ സംഘത്തിന് വിശദമായി എക്കോ ടെസ്റ്റിന്റെ വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ കഴിയുന്ന സ്ഥലത്ത് എക്കോ ടെസ്റ്റ് എടുക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും കുഞ്ഞിന്റെ ബന്ധുക്കൾ വീണ്ടും മറ്റൊരിടത്ത് നിന്ന് എക്കോ ടെസ്റ്റ് എടുത്ത് റിപ്പോർട്ട് സമർപ്പിച്ചതായി പറയുന്നു. ഈ റിപ്പോർട്ടിലും രോഗ വിവരങ്ങൾ കൂടുതലായി ലഭ്യമായില്ല. ഇതിനിടയിലാണ് കുഞ്ഞിനെ ശ്രീചിത്രയിലേക്ക് മാറ്റണമെന്ന ആവശ്യം വന്നത്. 

ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കൽ സംഘം കുഞ്ഞ് ചികിത്സയിൽ ഇരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ചര്‍ച്ച ചെയ്തു. കുഞ്ഞിനെ ഇത്രയും ദൂരം മാറ്റുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചു. . അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടാത്ത കേസായതിനാൽ  48 മണിക്കൂർ നിരീക്ഷിച്ച ശേഷം കുഞ്ഞിനെ ഹൃദ്യം പദ്ധതിയിൽപ്പെടുത്തി കൊച്ചി അമൃതയിലേക്ക് മാറ്റാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാമെന്നും മെഡിക്കൽ സംഘം ആശുപത്രി അധികൃതരെ അറിയിച്ചു. ഈ വിവരം കുഞ്ഞിന്റെ ബന്ധുക്കളെ ഹൃദ്യം ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചതായി ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 
 
ഇതിനിടയിലാണ് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികൾ ഡോക്ടര്‍മാരുടെ നിർദേശങ്ങൾ അവഗണിച്ചു കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അറുനൂറ്‌ കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മോശമായി. ഡോക്ടർമാരുടെ പരിശോധനകൾക്ക് ശേഷം സി.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില മോശമായി തുടരുകയാണ്. ഇതിനിടെ ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടും ചികിത്സ കിട്ടിയില്ല എന്ന പ്രചാരണവുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഫേസ്‌ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. 

ഇക്കഴിഞ്ഞ ഏപ്രിൽ 16ന് 15  ദിവസം പ്രായമായ കുഞ്ഞിനെ കൊച്ചി അമൃതയിൽ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ട സൗകര്യങ്ങൾ ഹൃദ്യം പദ്ധതിയിൽ ആരോഗ്യവകുപ്പ് മന്ത്രി നേരിട്ട് ഇടപ്പെട്ട് ഒരുകിയെങ്കിലും കുഞ്ഞിനെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഇടപ്പെട്ട് തിരുവനന്തപുരത്തേക്ക് തന്നെ കൊണ്ടു പോകണമെന്ന് പറഞ്ഞു എതിർത്തത് ചർച്ചയായിരുന്നു. പക്ഷെ വിവരം അറിഞ്ഞു ആരോഗ്യവകുപ്പ് മന്ത്രി കർശന നിർദേശം നൽകിയതോടെ കുഞ്ഞിനെ കൊച്ചി അമൃതയിൽ തന്നെ പ്രവേശിപ്പിച്ചു വേണ്ട ചികിത്സ ഒരുക്കി. അടിയന്തര ചികിത്സ ലഭിച്ചതോടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

Follow Us:
Download App:
  • android
  • ios