എറണാകുളം സ്വദേശിയായ യുവാവിന്‍റെ കാറിന്‍റെ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിൽ തട്ടിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പമ്പുകളിൽ നിന്ന് പെട്രോളടിച്ച് പണം നൽകാതെ മുങ്ങുന്ന സംഘം കാരണം യഥാർത്ഥ ഉടമ വെട്ടിലായി.  

കൊച്ചി: തന്‍റെ കാറിന്‍റെ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി പെട്രോൾ പമ്പുകളിൽ നിന്നും പെട്രോൾ അടിച്ച് പണം നൽകാതെ തട്ടിപ്പുകാർ മുങ്ങുന്നുവെന്ന പരാതിയുമായി യുവാവ്. എറണാകുളം മുണ്ടംവേലി സ്വദേശി അലനാണ് തട്ടിപ്പുകാരെക്കൊണ്ട് പെട്ടു പോയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പമ്പുകളിൽ നിന്നാണ് വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ച വാഹനങ്ങള്‍ എണ്ണയടിച്ച് പണം നൽകാതെ മുങ്ങിയത്. സംഭവത്തില്‍ പൊലീസിനും ആർടിഒയ്ക്കും പരാതി നൽകി നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് അലൻ.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ മൂന്നിനാണ് മലപ്പുറത്തെ പെട്രോൾ പമ്പിൽ നിന്നും നിങ്ങളുടെ കാർ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോയല്ലോ എന്ന വിളി അലനെ തേടിയെത്തിയത്. സംഭവത്തില്‍ പരാതിയൊക്കെ നൽകിയതിന് പിന്നാലെ ഇക്കഴിഞ്ഞ ശനിയാഴ്ച വീണ്ടും വിളിയെത്തി. മലപ്പുറത്തെ പമ്പിൽ നിന്നാണ് വീണ്ടും പരാതി എത്തിയത്. സംഭവത്തില്‍ പരാതി നൽകിയിട്ടും ഗുണമൊന്നും ഉണ്ടായില്ലെന്ന് അലൻ പറയുന്നു. വ്യാജൻമാർ ഇനിയും എന്തെങ്കിലും തട്ടിപ്പ് കാണിച്ചാൽ പെട്ടു പോകുമല്ലോ എന്ന ആശങ്കയാണ് അലന്‍.