കൊല്ലത്ത് 1.83 കോടി രൂപയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഹിമാചൽ പ്രദേശിൽ നിന്നും പിടികൂടി. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസാണ് പുത്തൂർ സ്വദേശിയിൽ നിന്നും പണം തട്ടിയ സൂര്യകാന്തിനെ അറസ്റ്റ് ചെയ്തത്.
കൊല്ലം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.83 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഹിമാചൽ പ്രദേശിലെ ബാബാനഗർ സ്വദേശി സൂര്യകാന്ത് ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്. വൻ തുക ലാഭം വാഗ്ദാനം ചെയ്തു. വ്യാജ ഓൺലൈൻ ട്രേഡിങ് വഴി പുത്തൂർ സ്വദേശിയിൽ നിന്നും 1.83 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാബാനഗറിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.
നഷ്ടപ്പെട്ട തുകയിൽ 15 ലക്ഷത്തോളം രൂപ പ്രതിയുടെ പേരിലുള്ള യൂകോ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് എത്തിയത്. അവിടെ നിന്നും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതോടെയാണ് അന്വേഷണസംഘം ഹിമാചൽ പ്രദേശിലെത്തിയത്. ബാബാനഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കോടിയോളം രൂപയുടെ ട്രാൻസ്ഫറുകൾ നടത്തിയതായും കണ്ടെത്തി. കേസിലെ കൂട്ടു പ്രതികളെകുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ ഡിസിആർബി ഡിവൈഎസ്പി പ്രസാദിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ വിനോദ് കുമാറിനൊപ്പം എസ് ഐ മനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ് ജയപാൽ, രാജേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ വിനീത് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
