മാസങ്ങള്‍ക്ക് മുമ്പ് ചികിത്സക്കായി വന്ന കുടുംബം കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സ്ഥലം വിറ്റവകയില്‍ 18 ലക്ഷത്തോളം രൂപ കൈവശമുണ്ടെന്ന കാര്യവും സൂചിപ്പിച്ചിരുന്നു.

മലപ്പുറം: സിദ്ധന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ആള്‍ദൈവം ചമഞ്ഞ് വീട്ടില്‍ ചികിത്സ നടത്തി വരികയായിരുന്നു ഇയാള്‍. മതപരമായ അറിവോ മറ്റു ചികിത്സാ കര്‍മങ്ങളോ പഠിക്കാത്ത ഇയാള്‍ രോഗികള്‍ ഇല്ലാത്ത സമയങ്ങളില്‍ കൂലിപ്പണിക്കും പോകാറുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് ചികിത്സക്കായി വന്ന കുടുംബം കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സ്ഥലം വിറ്റവകയില്‍ 18 ലക്ഷത്തോളം രൂപ കൈവശമുണ്ടെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍, സാമ്പത്തികപരമായി പണമോ മറ്റോ കൈവശം വച്ചാല്‍ നിലനില്‍ക്കില്ലെന്നും നഷ്ടപ്പെട്ട് പോകുമെന്നും ഇവരെ അബ്ബാസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. താന്‍ പണം സൂക്ഷിക്കാമെന്നും ആവശ്യമുള്ളപ്പോള്‍ തിരിച്ച് നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചു.

മുന്തിരി ജ്യൂസില്‍ മയങ്ങാനുള്ള മരുന്ന് നല്‍കിയാണ് ഇവരെ ഇതെല്ലാം പറഞ്ഞു ധരിപ്പിച്ചത് എന്ന് കുടുംബം പറഞ്ഞു. പിന്നീട് പല തവണകളിലായി പണം ആവശ്യപ്പെട്ടപ്പോഴും ഇയാള്‍ പണം തിരികെ നല്‍കിയില്ല. ഒമ്പത് ലക്ഷം രൂപയാണ് തിരികെ നല്‍കിയത്. ബാക്കി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ ഇന്നലെ പിടിയിലായിരുന്നു. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ് പിടികൂടിയത്.

ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനുമായാണ് പണം തട്ടിയെടുത്തതെന്ന് മൊഴി നൽകി. 5 കൊല്ലമായി തൃശൂര്‍ നഗരത്തില്‍ ഓട്ടോ ഓടിക്കുന്നയാളാണ് നിഷാദ് ജബ്ബാര്‍. പണ്ടൊരിക്കൽ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഡോക്ടര്‍ വീട്ടില്‍ പോകുന്നതിനായി നിഷാദിന്‍റെ ഓട്ടോയില്‍ കയറി. ഈ യാത്രയിൽ ഡോക്ടറുമായി നിഷാദ് അടുത്ത പരിചയം സ്ഥാപിച്ചു. തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും നിഷാദ് പറഞ്ഞു.

ഇതിന് ശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിക്കാറുമുണ്ടായിരുന്നു. യാത്രക്കിടെ ഭക്ഷണം വാങ്ങുന്നതിനും പണമെടുക്കുന്നതിനും എ ടി എം കാര്‍ഡും പിന്‍ നമ്പറും ഡോക്ടര്‍ നിഷാദിന് നല്‍കിയിരുന്നു. ഡോക്ടറുടെ ഫോണ്‍ ലോക്ക് അഴിക്കുന്നത് എങ്ങനെയെന്നും പ്രതി മനസ്സിലാക്കി. കഴിഞ്ഞ ദിവസം പറശ്ശിനി കടവിലേക്കുള്ള യാത്രയ്ക്കിടെ പ്രതി ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ശേഷം ഫോൺ കൈക്കലാക്കി 18 ലക്ഷം രൂപ രണ്ട് തവണയായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ മർദ്ദിച്ച് പണം തട്ടി: യുവതിയടക്കം നാല് പേർ അറസ്റ്റില്‍