ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിലായി. 'ശൈഖുനാ സജില്‍ ചെറുപാണക്കാട്' എന്നറിയപ്പെടുന്ന സജിലിനെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം : ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്നു പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന വ്യാജ സിദ്ധന്‍ അറസ്റ്റില്‍. 'ശൈഖുനാ സജില്‍ ചെറുപാണക്കാട്' എന്ന പേരിൽ അറിയപ്പെടുന്ന കാളികാവ് ഉദിരംപൊയിലിലെ സജില്‍ (36) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് അടുത്ത് കൊളത്തൂരിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. മഹ്ദി ഇമാമാണെന്ന് അവകാശപ്പെട്ട് മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു ഇയാൾ.

കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകക്ക് താമസിക്കുന്ന പരാതിക്കാരിയെ യുട്യൂബ് ചാനലിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം തുടര്‍ന്നു. പിന്നീട് പരാതിക്കാരി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി വായ പൊത്തിപ്പിടിച്ച് ബലാൽക്കാരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കല്‍പകഞ്ചേരി സ്റ്റേഷനില്‍ സമാനമായി രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ജി. പ്രൈജുവിന്റെ നേത്യത്വത്തില്‍ സി.പി.ഒമാരായ സുധീഷ്, ബിജു, സുധീഷ് മേല്‍മുറി, വനിത സി.പി.ഒ ഗ്രേസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.